കോഴിക്കോട് : മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് വെള്ളയിലും കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാർ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, നാസർ ഹയ്യ് ശിഹാബ് തങ്ങൾക്ക് വേണ്ടി അബ്ദുൽ ഗഫാർ ദാരിമി, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കു വേണ്ടി അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, തിരുവനന്തപുരം പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി, വിസ്ഡം ഹിലാൽ വിംഗ് ചെയർമാൻ അബൂബക്കർ സലഫി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതം ആരംഭിച്ചിരുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് വ്രതാനുഷ്ഠാനം ആരംഭിച്ചത്. ഉത്തരേന്ത്യയിലും നാളെയാണ് റംസാൻ ഒന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |