തിരുവനന്തപുരം: വേനൽ കടുക്കുന്ന ഏപ്രിൽ,മേയ് മാസങ്ങളിൽ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾത്തന്നെ ഉപഭോഗം കുതിച്ചുയരുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അടിയന്തരഘട്ടത്തിൽ വാങ്ങി പിന്നീട് തിരിച്ചുകൊടുക്കുന്ന വ്യവസ്ഥ (സ്വാപ്) പ്രകാരം വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി.ശ്രമം തുടങ്ങി.
ഉപഭോഗം എത്ര കൂടിയാലും വൈദ്യുതി മുടക്കമോ, ലോഡ് ഷെഡ്ഡിംഗോ,പവർകട്ടോ ഉണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്.കഴിഞ്ഞ വർഷം 5797 മെഗാവാട്ട് വരെ ഉപഭോഗം കുതിച്ചു. ഇക്കുറി 6200 മെഗാവാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.സംസ്ഥാനത്തെ വൈദ്യുതി ലഭ്യത വച്ചുനോക്കിയാൽ 700 മെഗാവാട്ട് കമ്മിയുണ്ടാകാനാണ് സാധ്യത.
ജനുവരിയിൽ 4000 മെഗാവാട്ടിൽ താഴെയായിരുന്നു ഉപഭോഗം. ഫെബ്രുവരിയായപ്പോഴേക്കും 4600 മെഗാവാട്ടിലെത്തി.ഇന്നലെ 4920 മെഗാവാട്ടാണ് ഉപഭോഗം. കഴിഞ്ഞ വർഷം മേയ് 3നാണ് ഉപഭോഗം ഏറ്റവും കൂടിയ 5797മെഗാവാട്ടിലെത്തിയത്.
വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം കൂടുമ്പോൾ അമിതലോഡിൽ ട്രാൻസ്ഫോർമറുകൾ തകരാറിലാകാതിരിക്കാനും നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം വ്യാപകമായി തകരാർ സംഭവിച്ചത് കണക്കിലെടുത്താണിത്. വിതരണ മേഖലയിൽ ഓവർലോഡായ ട്രാൻസ്‌ഫോർമറുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിനായി പ്രസരണ, വിതരണ മേഖലകൾ തമ്മിൽ യോജിച്ച പ്രവർത്തനങ്ങളിലൂടെ അറ്റകുറ്റ പണികൾ നടത്താൻ തീരുമാനമായിട്ടുണ്ട്.
നാലു സംസ്ഥാനങ്ങളിൽ നിന്ന്
സ്വാപ് കരാറിൽ വാങ്ങും
മാർച്ച് മുതൽ മേയ് വരെ വാങ്ങുന്ന വൈദ്യുതി, ഇവിടെ ഉത്പാദനം കൂടുന്ന ജൂൺ മുതൽ സെപ്തംബർ വരെ തിരിച്ചുകൊടുക്കുന്നതാണ് സ്വാപ് കരാർ വ്യവസ്ഥ.
പഞ്ചാബ്,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സ്വാപ് അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ ധാരണയായിട്ടുണ്ട്. ജമ്മുകാശ്മീർ,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും നിന്ന് ലഭ്യമാക്കാൻ ചർച്ച തുടരുകയാണ്.
ഇത്തരത്തിൽ മാർച്ചിൽ 650, ഏപ്രിലിൽ 903, മേയിൽ
605 മെഗാവാട്ട് വീതം ആവശ്യം വന്നാൽ വാങ്ങും.
# വൈദ്യുതി ലഭ്യത
(മെഗാ വാട്ടിൽ)
ഉത്പാദനം................................ 1200
കേന്ദ്രഗ്രിഡിൽ നിന്ന്.................. 2200
കരാർ പ്രകാരം.......................... 2100
ആകെ ലഭ്യത............................... 5500
കമ്മി...............................................700
`ഉയർന്ന ഉപഭോഗ സാധ്യത മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് വൈദ്യുതി ബോർഡും സർക്കാരും നടത്തിയിരിക്കുന്നത്.'
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |