തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണവും പണവും രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ പുളിമാത്തെ വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തിയത്. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്.
വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഇത് കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസ്തു ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ 2020ന് ശേഷം വട്ടിപ്പലിശയ്ക്ക് പണം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബന്ധുക്കളുടെയടക്കം പേരിൽ പോറ്റി ഭൂമി വാങ്ങിക്കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തട്ടിപ്പുസംഘത്തിലും ഗൂഢാലോചനയിലും ഉൾപ്പെട്ട പതിനഞ്ചോളം പേരുടെ വിവരങ്ങൾ പ്രതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബംഗളുരുവിലും ഹൈദരാബാദിലും ചെന്നൈയിലും സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചനയും ആസൂത്രണവും നടന്നു. അവിടെ നിന്ന് തട്ടിപ്പുകാർ നൽകിയ നിർദ്ദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. കൂടുതൽ സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ശ്രീകോവിലിന്റെ കട്ടിളയിൽ നിന്ന് സ്വർണം കവർന്ന കേസിലും പോറ്റിയുടെ അറസ്റ്റ് ഉടനുണ്ടാവും. ചെമ്പാണെന്ന് വ്യാജരേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |