ന്യൂഡൽഹി: മെയ്‌തി-കുക്കി വംശീയ കലാപത്തിന്റെ മുറിവുകൾ ഉണങ്ങാത്ത മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. മാർച്ച് 8 മുതൽ കലാപബാധിത മേഖലകളിലെ അടക്കം റോഡുകളിൽ ഗതാഗതം തടസമില്ലാതെ ഉറപ്പാക്കാൻ തീരുമാനിച്ചു. ഇരുവിഭാഗങ്ങൾക്കും ഭയരഹിതമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. ആരെങ്കിലും തടസം നിന്നാൽ കടുത്ത നടപടിയുണ്ടാകും. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർന്ന സുരക്ഷാ അവലോകന യോഗത്തിലാണിത്.
എൻ. ബിരേൻ സിംഗ് മുഖ്യമന്ത്രി പദം രാജിവയ്‌ക്കുകയും,സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം വന്ന ശേഷവുമുള്ള ആദ്യ ഉന്നതതലയോഗമാണ് ഇന്നലെ ഡൽഹിയിൽ നടന്നത്. ഗവർണർ അജയ് കുമാർ ഭല്ല,കരസേന-കേന്ദ്രസേന ഉദ്യോഗസ്ഥർ,ഡി.ജി.പി രാജീവ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
പുതുതായി പ്രശ്‌നങ്ങളുണ്ടാകാതിരികാൻ അതീവജാഗ്രത പുലർത്താൻ സുരക്ഷാസേനയ്‌ക്ക് നിർദ്ദേശം നൽകി
സേനയിൽ നിന്ന് അക്രമികൾ തട്ടിയെടുത്ത ആയുധം പിടിച്ചെടുക്കാൻ നടപടി ഊർജ്ജിതമാക്കും
രാജ്യാന്തര അതിർത്തി സുരക്ഷയ്‌ക്ക് വേലി നിർമ്മാണം ത്വരിതപ്പെടുത്തും
ലഹരിക്കടത്ത് ശൃംഖലയെ തകർക്കാൻ നടപടിയെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |