ലണ്ടൻ: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയ്ക്ക് പിന്തുണയുമായി യൂറോപ്യൻ രാജ്യങ്ങളും കാനഡയും. യു.എസ് സന്ദർശനത്തിന് പിന്നാലെ ലണ്ടനിൽ എത്തിയ സെലെൻസ്‌കി ഇന്നലെ യൂറോപ്യൻ നേതാക്കളുമായുള്ള ഉച്ചകോടിയിൽ പങ്കെടുത്തു. യുക്രെയിനുള്ള സഹായം തുടരുന്നതും സുരക്ഷാ കാര്യങ്ങളും ഉച്ചകോടിയിൽ പ്രധാന ചർച്ചയായി.
യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ പദ്ധതി ആവിഷ്കരിക്കുമെന്നും യു.എസിന് കൈമാറുമെന്നും സ്റ്റാമർ വ്യക്തമാക്കി. യുക്രെയിന്റെ പ്രതിരോധ മേഖലയ്ക്കായി 280 കോടി ഡോളറിന്റെ വായ്പാ കരാറിൽ സെലെൻസ്കിയും സ്റ്റാമറും ഒപ്പിട്ടു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനുമായും സെലെൻസ്കി കൂടിക്കാഴ്ച നടത്തും.
അതേസമയം, യുക്രെയിനും സെലെൻസ്കിയ്ക്കും പിന്തുണ അറിയിച്ച് യു.എസിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പ്രതിഷേധം നടന്നു. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്കിയുമായി വാക്കുതർക്കമുണ്ടായത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |