തിരുവനന്തപുരം: അടുത്ത തവണതന്നെ കേരളം രഞ്ജിട്രോഫി സ്വന്തമാക്കുമെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്ടൻ സച്ചിൻ ബേബി പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈനലിൽ വരെയെത്തിയത് വലിയ അവസരമായാണ് കാണുന്നത്. ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും വളരെ നന്ദിയുണ്ട്. ഇതൊരു തുടക്കമാണ്. ഇന്ത്യയിലെ ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് കേരളം തെളിയിച്ചെന്നും സച്ചിൻ ബേബി പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് കൂടുതൽ താരങ്ങൾക്ക് അവസരമൊരുക്കി. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ അഹമ്മദ് ഇമ്രാനെയും ഏദൻ ആപ്പിളിനെയും പോലെയുള്ള നിരവധി താരങ്ങളുണ്ടാകും. ഐ.പി.എല്ലിലും ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലുമെല്ലാം ടീം തിരഞ്ഞെടുപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. അടുത്ത രണ്ടു മാസം ജമ്മു കാശ്മീരിലും ജൂൺ, ജൂലായിൽ ഇംഗ്ലണ്ടിലും പര്യടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു.
കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് നന്ദിയുണ്ടെന്നും ടീമിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അറിയിച്ച കോച്ച് അമയ് ഖുറേസ്യ പ്രതിഭാധനരായ താരങ്ങളാണ് കേരള ടീമിലുള്ളതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |