കൈറോ: ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കത്തിന് ബദലായി ഈജിപ്ത് തയാറാക്കിയ പദ്ധതി അറബ് ഉച്ചകോടിയിൽ അവതരിപ്പിച്ചു. കൈറോയിൽ ചേർന്ന അടിയന്തര അറബ് ഉച്ചകോടിയിലാണ് പദ്ധതി അവതരിപ്പിച്ചത്. 5300 കോടി ഡോളർ മുടക്കി അഞ്ചുവർഷംകൊണ്ട് ഗാസ പുനർനിർമിക്കുന്ന പദ്ധതിക്കാണ് ഈജിപ്ത് രൂപംനൽകിയത്. വീടുകളും തുറമുഖങ്ങളും വിമാനത്താവളവും ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുന്നു. പാലസ്തീൻ -ഇസ്രയേൽ തർക്കത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെയും നിയമങ്ങളുടെയും കാഴ്ചപ്പാടിൽ ദ്വിരാഷ്ട്ര സംവിധാനമാണ് ശാശ്വത പരിഹാരമെന്നും പദ്ധതി പറയുന്നുണ്ട്. നിലവിലെ അറബ്, പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം ഗാസയിൽ കൊണ്ടുവരുമെന്ന് കരട് രേഖയിൽ വ്യക്തമാക്കുന്നു. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തു. ഗാസയിൽ സമാധാനം പുനഃസ്ഥാപിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
പാലസ്തീൻ ജനതയെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |