കോഴിക്കോട്: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനമായ എം എസ് സൊല്യൂഷൻസിന്റെ സി ഇ ഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
കേസിൽ മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ‍് സ്‌കൂളായ മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്യൂൺ മലപ്പുറം രാമപുരം സ്വദേശി അബ്ദുൾ നാസറിനെ ഇന്നലെ ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകൻ മലപ്പുറം ഹാജിയാർ പള്ളി തുമ്പത്ത് വീട്ടിൽ ടി ഫഹദിന് ചോദ്യപേപ്പർ ചോർത്തിക്കൊടുത്തത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
പ്രതി കുറ്റം സമ്മതിച്ചെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രെെംബ്രാഞ്ച് എസ് പി മൊയ്തീൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് സംഭവത്തിൽ പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.
അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിൽ ഫഹദ് വർഷങ്ങളോളം അദ്ധ്യാപകനായിരുന്നു. അങ്ങനെയാണ് ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടായത്. ഫഹദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ അബ്‌ദുൾ നാസറിന്റെ ബന്ധത്തെക്കുറിച്ചറിഞ്ഞത്. ഫഹദിനൊപ്പം എം എസ് സൊല്യൂഷൻസിലെ മറ്റൊരു അദ്ധ്യാപകൻ കോഴിക്കോട് പുതിയങ്ങാടി ചാപ്പംകണ്ടി സി കെ ജിഷ്ണുവും പിടിയിലായിരുന്നു.
പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ് എസ് എൽ സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളാണ് ചോർത്തിയത്. ചോദ്യപേപ്പറുകൾ മുഹമ്മദ് ഷുഹൈബ് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |