തിരുവനന്തപുരം; കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) രണ്ടാമത് വിജ്ഞാപനം ഇന്ന് പി.എസ്.സി പ്രസിദ്ധീകരിക്കും. രണ്ടുവർഷത്തിലൊരിക്കൽ വിജ്ഞാപനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആറാം വർഷമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.
മൂന്ന് കാറ്റഗറികളിലായിട്ടായിരിക്കും വിജ്ഞാപനം. 31 തസ്തിക ഡെപ്യൂട്ടേഷൻ റിസർവായി കണ്ടെത്തിയെങ്കിലും നിയമനത്തിനായി മൂന്നൊഴിവാണ് പൊതുഭരണവകുപ്പ് പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്തത്. ശേഷിക്കുന്ന 28 ഒഴിവുകൾ റിസവായി എക്സ്-കേഡറിൽ നിലനിറുത്തിയിരിക്കുകയാണ്. നിലവിൽ കെ.എ.എസിൽ ജോലിചെയ്യുന്നവരെ ഡെപ്യൂട്ടേഷൻ റിസർവിലേക്ക് മാറ്റി ആ ഒഴിവുകളിലേക്കായിരിക്കും നിയമനം.
ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ ജൂൺ 14 നും മുഖ്യ പരീക്ഷ ഒക്ടോബർ 17, 18 തീയതികളിലും നടത്തും. അഭിമുഖത്തിന് ശേഷം 2026 ഫെബ്രുവരിയിൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെ.എ.എസ്. ആദ്യ പരീക്ഷ സിലബസ് തന്നെയാകും ഇത്തവണയും.
പ്രാഥമിക പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും മുഖ്യപരീക്ഷ വിവരണാത്മകരീതിയിലുമാകും. മുഖ്യപരീക്ഷയ്‌ക്ക് 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളുണ്ടാകും. മുഖ്യപരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങുന്നർക്ക് അഭിമുഖം നടത്തും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കണക്കാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രാഥമിക, മുഖ്യ പരീക്ഷകളിൽ ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നഡയിലോ ഉത്തരം എഴുതാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |