ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ വനിതകൾക്കുള്ള 2500 രൂപ പ്രതിമാസ ധനസഹായ പദ്ധതിക്കായി ഡൽഹി സർക്കാർ 5,100 കോടി വകയിരുത്തി. ധനസഹായ പദ്ധതി ഉടൻ നടപ്പാക്കാൻ ലക്ഷ്യമിട്ടാണിതെന്ന് ദേശീയ വനിതാദിനത്തോടനുബന്ധിച്ച് മഹിളാ മോർച്ച സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പ്രഖ്യാപിച്ചു. പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ, മുഖ്യമന്ത്രി രേഖാ ഗുപ്‌തയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്ന നിലയിൽ ഡൽഹിയിലെ പാവപ്പെട്ട സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിക്ക് ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്ന് മഹിളാ മോർച്ചാ പരിപാടിയിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌ത പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ, തന്റെ നേതൃത്വത്തിൽ മുതിർന്ന മന്ത്രിമാരായ ആശിഷ് സൂദ്, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു. ഗുണഭോക്താക്കളായ വനിതകൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക വെബ് പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 21-60 പ്രായപരിധിയിലുള്ള നിർദ്ദനരായ വനിതകൾക്കാണ് സഹായം.
ഇതുകൂടാതെ ഡൽഹിയിൽ സ്‌ത്രീകൾക്കായുള്ള പിങ്ക് ടോയ്‌ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്‌ത്രീ സുരക്ഷ ലക്ഷ്യമിട്ട് സിസിടിവി ക്യാമറകൾ കൂടുതൽ സ്ഥാപിക്കും. പിങ്ക് പിസിആർ സ്റ്റേഷനുകളും കൂടുതൽ സ്ഥാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതുപോലെ, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം നൽകാത്തതിന് പ്രതിപക്ഷമായ ആം ആദ്മി പാർട്ടി ബി.ജെ.പി സർക്കാരിനെ വിമർശിച്ചിരുന്നു. ഫെബ്രുവരി 20 ന് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ആംആദ്‌മി പാർട്ടിയുടെ 2100രൂപയ്‌ക്ക് ബദലായാണ് ബി.ജെ.പി 2,500രൂപ വാഗ്‌ദാനം ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |