കാളികാവ്: കാട്ടാനപ്പേടിയിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് രാത്രിയിൽ വെളിച്ചം നൽകാൻ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തി. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ലൈറ്റ് മൂന്നു വർഷമായിട്ടും കത്തുന്നില്ല. ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ 20 കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്.
2022-23 വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. രാത്രിയിൽ ലൈറ്റ് കത്തിയാൽ മൃഗങ്ങൾ വീടുകൾക്ക് സമീപമെത്തുന്നത് കാണാനെങ്കിലും കഴിയും.
എന്നാൽ സ്ഥാപിച്ച അന്നുമുതൽ ഇന്നു വരെ ലൈറ്റ് കത്തിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ടൈമിംഗ് ഷെഡ്യൂൾ സ്വിച്ച് ഇതുവരെയും സ്ഥാപിച്ചിട്ടില്ല. ഇതാണ് ലൈറ്റ് കത്താതിരിക്കാൻ കാരണം. രാത്രിയിൽ തീയിട്ടും പടക്കം പൊട്ടിച്ചുമാണ് ആനകളെ ഇവർ തുരത്തുന്നത്.
നേരം ഇരുട്ടിയാൽ കോളനി ആകെ ഇരുട്ടിലാണ്. ആനയും മറ്റുമൃഗങ്ങളും എത്തുന്നത് മുൻ കൂട്ടി കാണാൻ യാതൊരു മാർഗ്ഗവുമില്ല.
ഇലക്ട്രിക് പോസ്റ്റുകളിൽ നേരത്തെ സ്ഥാപിച്ച വിളക്കുകളിൽ ഒന്നു പോലും കത്തുന്നില്ല.
അതിനാൽ തന്നെ ഇരുട്ടിന്റെ മറവിലെത്തുന്ന അപകട പേടിയിലാണ് ഇവർ.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടു വളർത്തു പട്ടികളെ പുലി പിടിക്കുന്നത് നേരിൽ കണ്ട് ഭയന്നിരിക്കുകയാണ് ആദിവാസികൾ.
വേനൽക്കാലമായാൽ ചോലയിൽ നിന്ന് വെള്ളം കുടിക്കാൻ കാട്ടാനകൾ കൂട്ടത്തോടെയാണ് എത്താറുള്ളത്.
എത്രയോ തവണ തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടിട്ടുള്ളത്.
കോളനിക്കു ചുറ്റും നേരത്തെ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് വേലി പാടെ നശിച്ചു പോയിട്ടുണ്ട്.
അതിനാൽ തന്നെ ആനകളെ തടയുന്നതിനുള്ള യാതൊരുമാർഗ്ഗവും നിലവിലില്ല.തെരുവ് വിളക്കുകൾ കത്താത്തതും കാട്ടാന ഭീഷണിയും പലതവണ പഞ്ചായത്തധികൃതരോട് പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് കോളനി വാസികളുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |