കീവ് : യുക്രെയിന് നൽകിവന്ന ഉപഗ്രഹ ചിത്ര സഹായത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി യു.എസ്. സൈനിക സഹായവും ഇന്റലിജൻസ് പിന്തുണയും നിറുത്തിവച്ചതിന് പിന്നാലെയാണ് നടപടി. റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാകാൻ യുക്രെയിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് യു.എസ്. യു.എസിന്റെ പുതിയ തീരുമാനപ്രകാരം അമേരിക്കൻ കമ്പനിയായ മാക്‌സറിൽ നിന്നുള്ള യുദ്ധ മേഖലയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇനി യുക്രെയിന് ലഭിക്കില്ല. റഷ്യൻ സൈനികരുടെ ചലനങ്ങൾ നിരീക്ഷിക്കാനും വ്യോമാക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താനും മാക്‌സറിന്റെ ഉപഗ്രഹ ചിത്രങ്ങളെ യുക്രെയിൻ ഉപയോഗിച്ചിരുന്നു.
യുക്രെയിനിലെ ഉപഭോക്താക്കൾക്ക് ഈ ചിത്രങ്ങൾ ഇനി ആക്സസ് ചെയ്യാനാകില്ലെന്ന് മാക്‌സർ അറിയിച്ചു. യു.എസിന്റെ നടപടിയോടെ തങ്ങളുടെ സൈന്യം ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമായെന്ന് യുക്രെയിൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
20 മരണം
സമാധാന ചർച്ചകൾക്കായുള്ള ആഹ്വാനം ശക്തമാകുന്നതിനിടെ യുക്രെയിനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഇന്നലെ പുലർച്ചെ ഡൊണെസ്ക്, ഖാർക്കീവ് തുടങ്ങി യുക്രെയിൻ നഗരങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേറ്റു. എട്ട് കെട്ടിട സമുച്ചയങ്ങൾക്ക് കേടുപാടുണ്ട്. അതേസമയം, യുക്രെയിനിൽ നിന്നുള്ള 31 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ അവകാശപ്പെട്ടു.
റഷ്യയുമായി ഇടപെടാൻ
എളുപ്പം: ട്രംപ്
യുക്രെയിനെ അപേക്ഷിച്ച് റഷ്യയുമായി ഇടപെടുന്നതാണ് കൂടുതൽ എളുപ്പമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ യുക്രെയിനുമായി ധാരണയിലെത്തും വരെ റഷ്യക്ക് മേൽ കടുത്ത ഉപരോധങ്ങളും താരിഫും ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നും വ്യക്തമാക്കി. യുക്രെയിനിലെ യുദ്ധം പരിഹരിക്കാൻ യു.എസിന് കഴിയുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ, റഷ്യ ആദ്യം ആക്രമണം നിറുത്തണമെന്നുമാണ് യുക്രെയിന്റെ നിലപാട്. യു.എസ്, യുക്രെയിൻ പ്രതിനിധികൾ അടുത്താഴ്ച സൗദി അറേബ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |