കൊച്ചി: നിർമ്മാണ സാമഗ്രികളുടെ ക്ഷാമം രൂക്ഷമായതോടെ എ.സി വില വർദ്ധിപ്പിക്കാൻ കമ്പനികൾ ഒരുങ്ങുന്നു. ഉത്തരേന്ത്യയിൽ ഉഷ്ണക്കാറ്റ് ശക്തമായതോടെ എ.സി വിൽപ്പന കുതിച്ചുയരുകയാണ്. ഉപഭോഗത്തിലെ ഉണർവിന് ആനുപാതികമായി ആവശ്യത്തിന് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികൾക്ക് കഴിയാത്ത സാഹചര്യമാണ്. കംപ്ര
സറുകൾ, കോപ്പർ ടൂബുകൾ, അലുമുനിയം, സ്‌റ്റെയിൻലെസ് സ്‌റ്റീൽ എന്നിവയുടെ ദൗർലഭ്യമാണ് കമ്പനികൾക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്.ഈ വർഷം വേനൽക്കാലത്ത് എ.സിയുടെ വില അഞ്ച് ശതമാനം വരെ കൂടുമെന്ന് കമ്പനികൾ പറയുന്നു. പ്രമുഖ കമ്പനികളായ വോൾട്ടാസ്, ഡൈകിൻ, ബ്ളൂസ്‌റ്റാർ, ഹയർ എന്നിവയെല്ലാം വില വർദ്ധനയ്ക്ക് ഒരുങ്ങുകയാണ്.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ചൂട് കുത്തനെ കൂടുന്നതിനാൽ എ.സി വിൽപ്പനയിൽ 30 ശതമാനം വരെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഉത്പാദനം കൂട്ടുന്നതിന് അസംസ്‌കൃത സാധനങ്ങളുടെ ദൗർലഭ്യം വെല്ലുവിളിയാണെന്ന് വോൾട്ടാസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ നിബന്ധനകളും തിരിച്ചടി
എ.സികളുടെയും പ്രധാന ഘടക ഭാഗങ്ങളുടെയും ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഉത്പന്ന ദൗർലഭ്യം രൂക്ഷമാക്കാൻ കാരണമായി. ആഭ്യന്തര കരാർ ഉത്പാദകർക്ക് ഉപഭോഗ വർദ്ധനയ്ക്ക് ആനുപാതികമായി ഘടക ഭാഗങ്ങൾ വിപണിയിലെത്തിക്കാൻ കഴിയുന്നില്ല. ഗ്യാസ് നിറച്ച എ.സികളുടെ ഇറക്കുമതി സർക്കാർ അനുവദിച്ചിട്ടില്ല. ഇതോടൊപ്പം എ.സികളിൽ ഉപയോഗിക്കുന്ന കോപ്പർ ഉത്പന്നങ്ങൾക്ക് കടുത്ത ഗുണമേന്മ മാർഗനിർദേശങ്ങൾ ബ്യൂറോ ഒഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് നിഷ്‌കർച്ചതും വില വർദ്ധനയ്ക്ക് കാരണമാകുന്നു.
എ.സി വില 1,500 രൂപ മുതൽ 2,000 രൂപ വരെ കൂടിയേക്കും
വിപണിക്ക് ചൂട് കൂട്ടുന്നത്
1. ഉത്തരേന്ത്യയിലെ ഉഷ്‌ണക്കാറ്റും വേനൽ ചൂടും ശക്തമായതോടെ എ.സി വിൽപ്പന കുതിച്ചുയരുന്നു.
2. ഉപഭാേഗത്തിന് ആനുപാതികമായി എ.സി ഉത്പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയുന്നില്ല.
3. അസംസ്കൃത സാധന ദൗർലഭ്യവും ഇറക്കുമതി നിയന്ത്രണങ്ങളും ഉത്പാദനത്തെ ബാധിക്കുന്നു.
4. നടപ്പുവർഷം വേനൽക്കാലത്ത് ചരിത്രത്തിലെ ഉയർന്ന ചൂട് രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |