ദുബായ്: പാകിസ്ഥാന്‍ ആതിഥേയരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ന് കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിരശീല വീണു. കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് മറികടന്ന് രോഹിത് ശര്‍മ്മയുടെ ഇന്ത്യന്‍ ടീം കിരീടം ചൂടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി നിഷ്പക്ഷവേദിയായ യുഎഇയിലാണ് അരങ്ങേറിയത്.
ഇന്ത്യ യോഗ്യത നേടിയാല്‍ സെമി ഫൈനലും ഫൈനലും ദുബായിലായിരിക്കും നടക്കുകയെന്നും നേരത്തെ തന്നെ തീരുമാനിച്ചതാണ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ ആതിഥേയരായ ഒരു ഐസിസി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഒരു കളി പോലും വിജയിക്കാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താകുകയും ചെയ്തിരുന്നു. പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളേയും ക്രിക്കറ്റ് ഭരണകൂടത്തേയും സംബന്ധിച്ച് ഇത് വലിയ നാണക്കേടായിരുന്നുതാനും.
ചിരവൈരികളായ ഇന്ത്യയുടെ സെമി പ്രവേശനം യാഥാര്‍ത്ഥ്യമായതോടെ ഒരു മത്സരം കൂടി പാകിസ്ഥാന് പകരം ദുബായില്‍ അരങ്ങേറി. ശക്തരായ ഓസീസ് ഇന്ത്യയെ നേരിടുമ്പോള്‍ പാകിസ്ഥാനികള്‍ ഓസീസിനൊപ്പമായിരുന്നു. ഇന്ത്യ പുറത്തായാല്‍ മാത്രമേ തങ്ങളുടെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ഫൈനലിന് വേദിയായുകുകയുള്ളൂ. എന്നാല്‍ ഇന്ത്യ ഓസീനെ തകര്‍ത്ത് കലാശപ്പോരിന് യോഗ്യത നേടിയതോടെ പാക് ക്രിക്കറ്റ് ആരാധകരുടെ ആ സ്വപ്‌നവും പൊലിഞ്ഞു.
കോടികള്‍ മുടക്കിയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി സ്റ്റേഡിയങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പുതുക്കിപ്പണിഞ്ഞത്. എന്നാല്‍ ഇതെല്ലാം വെറുതേയായി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റൊരു വേദിയില്‍ നടത്തുന്ന ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ വഴങ്ങിയത്.
ഹൈബ്രിഡ് മോഡല്‍ എന്ന ആശയം ബിസിസിഐ മുന്നോട്ട് വച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഒരു ഐസിസി ടൂര്‍ണമെന്റുകള്‍ക്കും പാകിസ്ഥാനും തങ്ങളുടെ താരങ്ങളെ ഇന്ത്യയിലേക്ക് അയക്കില്ല എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ വഴങ്ങിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാകും നടക്കുക. പാകിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തിയേക്കാം. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ ആ സെമിഫൈനല്‍ മത്സരവും ശ്രീലങ്കയില്‍ നടത്തിയേക്കും എന്നാല്‍ ഫൈനലിന്റെ കാര്യത്തില്‍ ഇന്ത്യ വിട്ടുവീഴ്ച നടത്തില്ല.
ഇത് തന്നെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയവും. ബിസിസിഐ തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് പറഞ്ഞപ്പോള്‍ പാകിസ്ഥാന്‍ കടുംപിടുത്തം പിടിച്ചു. ഇന്ത്യക്ക് പാകിസ്ഥാനിലേക്ക് വരാന്‍ താത്പര്യമില്ലെങ്കില്‍ അവരെ ടൂര്‍ണമെന്റില്‍ കളിപ്പിക്കേണ്ടെന്നും പകരം മറ്റൊരു ടീമിനെ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു. പക്ഷേ ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല. കാരണം ഇന്ത്യയില്ലാത്ത ഒരു ഐസിസി ടൂര്‍ണമെന്റിനെ കുറിച്ച് ചിന്തിക്കുക പോലും അസംഭവ്യമാണ്.
ഇന്ത്യ കളിക്കാത്ത ഒരു ടൂര്‍ണമെന്റില്‍ മത്സരം കാണാന്‍ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകില്ല. സ്‌പോണ്‍സര്‍ഷിപ്പിന് ആളെ കിട്ടില്ല. ടെലിവിഷന്‍ റൈറ്റ്‌സ്, ഹോസ്റ്റിംഗ് ഫീസ് പോലുള്ള കാര്യങ്ങള്‍ക്ക് പോലും ആരും മുന്നോട്ട് വരില്ല. ഇന്ത്യ ഇല്ലാതെ ഒരു ടൂര്‍ണമെന്റ് നടത്തിയാല്‍ ഐസിസി പിന്നെ കടം വാങ്ങി മുടിയേണ്ടി വരുന്ന അവസ്ഥയുണ്ടാകും. അതിന് ബോധപൂര്‍വം ഐസിസി തയ്യാറാകില്ല. അപ്പോള്‍ പാകിസ്ഥാന് മുന്നില്‍ ഇന്ത്യ വേദിയാകുന്ന ടൂര്‍ണമെന്റ് വരുമ്പോള്‍ രണ്ട് വഴികള്‍ മാത്രമാണുള്ളത്. ഒന്നുകില്‍ ഇന്ത്യയില്‍ വന്ന് കളിച്ചിട്ട് പോകുക അല്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |