ഡമാസ്‌കസ്: സിറിയയിൽ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുയായികളായ സായുധ സംഘങ്ങൾക്കെതിരെ ആരംഭിച്ച സൈനിക ദൗത്യം പൂർത്തിയായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതുസ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെന്നും ജാഗ്രത തുടരുമെന്നും വ്യക്തമാക്കി.
വ്യാഴാഴ്ച ലതാകിയ, ടാർട്ടസ് പ്രവിശ്യകളിൽ അസദ് അനുകൂലികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പിന്നാലെയാണ് സൈനിക ദൗത്യം തുടങ്ങിയത്. ഇതിനിടെ, സർക്കാർ അനുകൂല ആയുധധാരികൾ സൈന്യത്തിനൊപ്പം ചേരുകയും അലവൈറ്റ് ന്യൂനപക്ഷ വിഭാഗത്തിനെതിരെ ആക്രമണം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. 1,300ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും സാധാരണക്കാരാണ്.
അലവൈറ്റുകളെ ആയുധധാരികൾ തേടിപ്പിടിച്ച് കൂട്ടക്കൊല ചെയ്തതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസംബറിൽ അസദ് ഭരണകൂടം നിലംപതിച്ചതിന് ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ സംഘർഷമായിരുന്നു ഇത്. സംഘർഷത്തിനിടെയുണ്ടായ മരണങ്ങൾ സംബന്ധിച്ച് സ്വതന്ത്ര കമ്മിറ്റി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടക്കാല പ്രസിഡന്റ് അഹ്‌മ്മദ് അൽ-ഷറാ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |