കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷയുള്ള സെർവർ ഹാക്ക് ചെയ്യാൻ ശ്രമം. 150 തവണ ഇതിനുള്ള നീക്കമുണ്ടായി. ലോട്ടറി വകുപ്പ് നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി എം.എ. അരുൺ, ഇന്ദു അരുൺ എന്നിവരെ പ്രതിചേർത്തു.
ജനുവരി എട്ടിന് തുടർച്ചയായി ഹാക്കിംഗ് ശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധന നടത്തി. ലോട്ടറി ഏജന്റായ അരുണിന്റെ ഏജൻസി കോഡ് ഉപയോഗിച്ചാണ് ഹാക്കിംഗ് ശ്രമം നടന്നതെന്ന് കണ്ടെത്തി. ഐ.ടി ആക്ട് പ്രകാരമാണ് കേസെടുത്തത്. പൊലീസ് വൈകാതെ മൂവാറ്റുപുഴയിലെത്തി ഇവരുടെ മൊഴിയെടുക്കും.
സുരക്ഷ ശക്തം
ഏത് ആക്രമണവും ചെറുക്കാനാകുന്ന സുശക്തമായ സുരക്ഷാസംവിധാനമാണ് ലോട്ടറി സെർവറിനുള്ളത്. അതുകൊണ്ടാണ് ഹാക്കിംഗ് ശ്രമം വിജയിക്കാതെപോയത്. പ്രതിവർഷം അഞ്ചു ലക്ഷം രൂപയാണ് സെർവർ സുരക്ഷയ്ക്ക് ചെലവാക്കുന്നത്.
പ്രതികളും പരാതി നൽകി
തങ്ങളുടെ ലോട്ടറി ഏജൻസി കോഡ് ആരോ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കേസിൽ പ്രതികളായ മൂവാറ്റുപുഴ സ്വദേശികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇക്കാര്യവും പൊലീസ് അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |