ലക്‌നൗ: ദൗർഭാഗ്യം കൊണ്ടുവന്നുവെന്ന വിശ്വാസത്തിൽ യുവതിയും സുഹൃത്തുക്കളും ചേർന്ന് പൂച്ചയെ കൊന്ന് കത്തിച്ചു. ഉത്തർപ്രദേശിലെ മൊറാദബാദിലാണ് സംഭവം. ലാലുവാല സ്വദേശിനി പ്രിയ (30) എന്ന യുവതിയും സുഹൃത്തുക്കളുമാണ് ക്രൂരകൃത്യത്തിന് പിന്നിൽ. പൂച്ചയെ കൊന്നുകത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലും പങ്കുവച്ചു.
യുവതിയും സുഹൃത്തുക്കളും കടന്നുപോകവേ കുറുകെ ചാടിയെന്നതിന്റെ പേരിലായിരുന്നു പൂച്ചയെ കൊന്നത്. പ്രിയ പൂച്ചയെ ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൂച്ച പിന്നീട് ചത്തു. ശേഷം അതിനെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഞായറാഴ്‌ച എടുത്ത വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡൽഹി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ സന്ദേശം ലഭിച്ചതിനെത്തുടർന്ന് സംഭവത്തിൽ വനംവകുപ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കെതിരെ കേസെടുത്തു. മൂന്ന് വർഷംവരെ തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക.
കേസിലെ പ്രധാന പ്രതിയായ പ്രിയയെ തിരിച്ചറിഞ്ഞതായി മൊറാദബാദ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ദൃശ്യങ്ങളിൽ കാണുന്ന ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊലീസിന് യുവതിയെയും മറ്റ് പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല. ലാലുവാലയിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെയും മറ്റ് പ്രതികളെയും കണ്ടെത്താനായില്ല. ഗ്രാമത്തലവനും ഇവരെ തിരിച്ചറിയാൻ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷം പുരോഗമിക്കുകയാണെന്ന് ഭോജ്‌പൂർ എസ്‌എച്ച്‌ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |