ആലപ്പുഴ: പോരാട്ട വീര്യവും കരുത്തും ആവേശവും തുല്യം ചേർന്ന് തുഴപിടിച്ച 67-ാമത് നെഹ്രുട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാവ്. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടൻ സ്വന്തമാക്കി. കാരിച്ചാൽ ചുണ്ടനാണ് മൂന്നാം സ്ഥാനം.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റേതാണ് നടുഭാഗം ചുണ്ടൻ. ഇത് രണ്ടാം തവണയാണ് നടുഭാഗം ചുണ്ടൻ കിരീടം സ്വന്തമാക്കുന്നത്. ആവേശത്തിന് ഇരട്ടി മധുരം പകരാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ടെന്നും വെല്ലുവിളികൾ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് നെഹ്‍റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്തത്. വള്ളംകളിയിൽ പുതിയ ചരിത്രം രചിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനും ഇന്ന് തുടക്കമായി. 79 ജലരാജാക്കന്മാരാണ് മത്സരത്തിൽ പങ്കെടുത്തത്. ചുണ്ടൻ മത്സരയിനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ മൂന്നും ഉൾപ്പടെ 23 വള്ളങ്ങളുണ്ടായിരുന്നു. വെപ്പ് എ ഗ്രേഡിൽ 10, ബി ഗ്രേഡിൽ 6, ഇരുട്ടുകുത്തി എ ഗ്രേഡിൽ 4, ബി ഗ്രേഡിൽ 16, സി ഗ്രേഡിൽ 10, ചുരുളൻ 4, തെക്കനോടി 6 ഉൾപ്പെടെ 56 ചെറുവള്ളങ്ങളും മത്സര രംഗത്തുണ്ടായിരുന്നു. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |