പത്തനംതിട്ട: വൃക്കകളുടെ തകരാർ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി അജീഷ് ലത്തീഫിന്റെ ജീവിതത്തെ രണ്ടുതവണ 'ബ്രേക്ക്ഡൗണിലാക്കി". മരണത്തെ മുന്നിൽക്കണ്ടപ്പോഴും പതറിയില്ല. ആദ്യം ഉമ്മയും പിന്നെ സുഹൃത്തും ദാനം ചെയ്ത വൃക്കകൾ സ്വീകരിച്ച്, ആത്മവിശ്വാസത്തോടെ വളയം പിടിക്കുകയാണ് ടാക്സി ഡ്രൈവറായ ഈ 44കാരൻ.
23-ാം വയസിലാണ് രോഗത്തെക്കുറിച്ചറിഞ്ഞത്. കാലുകളിലുണ്ടായ നീരായിരുന്നു ആദ്യ ലക്ഷണം. പരിശോധനയിൽ വൃക്കകൾ ചുരുങ്ങുന്നതായി കണ്ടെത്തി. ഡയാലിസിസുമായി അധികനാൾ മുന്നോട്ടു പോകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് ഉമ്മ റഷീദാബീവി മകന് വൃക്ക ദാനം ചെയ്യാൻ തയ്യാറായി. 14 വർഷം ഉമ്മയുടെ വൃക്കയുമായി ജീവിച്ചു.
ഇതിനിടെ, വൃക്കയിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്നതായി കണ്ടെത്തി. വീണ്ടും ഡയാലിസിസിലേക്ക്. ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെക്കുറിച്ച് ഓർത്തപ്പോൾ അജീഷിന്റെ മനസിൽ ഇരുട്ടുകയറി. പുതിയ വൃക്കദാതാവിനായി അന്വേഷണമാരംഭിച്ചു. എറണാകുളം സ്വദേശിയായ ഒരാൾ തയ്യാറായി വന്നെങ്കിലും സർജറിയുടെ തലേന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി. സർജറിക്കായി അജീഷ് പത്ത് ദിവസവും അയാൾ അഞ്ച് ദിവസവും ആശുപത്രിയിൽ കഴിഞ്ഞു. ഇതിനായി ചെലവഴിച്ച മൂന്നുലക്ഷം രൂപ പാഴായി. ഒടുവിൽ ടാക്സി ഡ്രൈവറായ ഗുരുവായൂർ സ്വദേശി ബിനുവിന്റെ ഭാര്യ ഷീജ രക്ഷകയായെത്തി. 2021 ജനുവരിയിൽ വൃക്ക സ്വീകരിച്ചു. മാസം പതിനായിരത്തോളം രൂപ മരുന്നിനായി വേണം. ടാക്സിയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ജീവിതമാർഗം. മരുന്നുകൾ കൃത്യമായി കഴിക്കുന്നതിനാൽ ക്ഷീണമോ ആരോഗ്യ പ്രശ്നങ്ങളോയില്ലെന്ന് അജീഷ് പറയുന്നു.
താങ്ങായി ഭാര്യ
വൃക്കകൾ മാറ്റിവച്ച ആളായതിനാൽ വിവാഹാലോചനയുമായി മുന്നോട്ടുപോകാൻ കഴിയാതിരുന്ന അജീഷിന്റെ ജീവിതത്തിലേക്കാണ് ഭാര്യ രാജി കടന്നുവന്നത്. അജീഷ് വിലക്കിയെങ്കിലും പിൻമാറാൻ രാജി തയ്യാറായില്ല. തുടർന്ന് ഇരുവരും ഡോക്ടർ ജോർജി കെ.നൈനാനെ കണ്ടു. കൗൺസലിംഗിനുശേഷം രാജി ഉറപ്പിച്ചു, അജീഷ് തന്നെ തന്റെ വരൻ. പ്ളസ് ടു വിദ്യാർത്ഥിയായ അക്മൽ മകനാണ്.
ദുശീലങ്ങൾ ഒഴിവാക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്താൽ വൃക്ക മാറ്റിവച്ചവർക്കും സാധാരണ ജീവിതം നയിക്കാം. പ്രതിസന്ധികളിൽ തളരാതിരുന്നാൽ സന്തോഷത്തോടെ മുന്നോട്ടുപോകാം.
- അജീഷ് ലത്തീഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |