ചെന്നൈ: മെട്രോ സ്റ്റേഷൻ നിർമ്മാണത്തിനായി രണ്ട് ഹിന്ദു ക്ഷേത്രഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകാൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് (സി.എം.ആർ.എൽ) മദ്രാസ് ഹൈക്കോടതിയുടെ അനുമതി. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമില്ലെന്നും വിധിച്ചു. വികസനം ഭക്തർക്ക് പ്രയോജനകരമാണെങ്കിൽ ദൈവം ക്ഷമിക്കുെമെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് നിരീക്ഷിച്ചു. മെട്രോ സ്‌റ്റേഷന്റെ വികസനത്തിനായി ദൈവം ദയ ചൊരിയുമെന്ന് ഈ കോടതിയും ആത്മാർത്ഥമായി വിശ്വസിക്കുന്നു. ദൈവം നമ്മോട് ക്ഷമിക്കുമെന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു.
സമാനമായകേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ക്ഷേത്ര ഭൂമി ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. ചെന്നൈയിലെ രത്തിന വിനായകർ ക്ഷേത്രത്തിന്റെയും ദുർഗാ അമ്മൻ ക്ഷേത്രത്തിന്റെയും ഭൂമിയുടെ ഒരു ഭാഗമാണ് മെട്രോ പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്നത്.
ക്ഷേത്രഭൂമി എറ്റെടുക്കുന്നതിനെതിരെ വിശ്വാസികൾ നൽകിയ പരാതി പരിഗണിച്ച് ഇൻഷ്വറൻസ് കമ്പനിയുടെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിച്ചു. സി.എം.ആർ.എല്ലിന്റെ അനുമതി വാങ്ങിയശേഷം 250 കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം പൊളിച്ച് ഭൂമി ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോൾ ക്ഷേത്രം പൊളിക്കേണ്ടിവരുന്നില്ലെന്നും സൗകര്യങ്ങൾ അല്പം കുറയുമെന്നേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |