ചെന്നൈ: ത്രിഭാഷ പദ്ധതിയടക്കം കേന്ദ്ര സർക്കാരുമായി പോരടിക്കുന്ന തമിഴ്‌നാട് സർക്കാർ ബഡ്‌ജറ്റ് പ്രമോഷണൽ പതിപ്പിൽ രൂപയുടെ ചിഹ്നം മാറ്റി തമിഴിൽ 'രൂ' എന്നാക്കിയിരുന്നു. ഇന്നായിരുന്നു തമിഴ്‌നാട്ടിൽ ബഡ്‌ജറ്റ്. എന്തുകൊണ്ട് രൂപ ചിഹ്നം മാറ്റി എന്നതിനെക്കുറിച്ച് തമിഴ്‌നാട് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യൻ രൂപയ്‌ക്ക് ഒരു ചിഹ്‌നമുണ്ടായത് ഏകദേശം 16 വർഷം മുൻപാണ്. അന്ന് ആ ചിഹ്നത്തിനായി നടത്തിയ മത്സരത്തിൽ വിജയിച്ച് നിലവിലെ ₹ എന്ന ചിഹ്നമുണ്ടാക്കിയത് ഒരു തമിഴ്‌നാട്ടുകാരൻ ആയിരുന്നു. ഡി ഉദയകുമാർ ആണ് രൂപയ്‌ക്ക് ചിഹ്നമുണ്ടാക്കിയത്. നിലവിൽ ഡിഎംകെ സർക്കാർ കേന്ദ്ര സർക്കാരുമായി തർക്കത്തിലേർപ്പെടുമ്പോൾ. അരനൂറ്റാണ്ടുമുൻപ് ഡിഎംകെ ജനപ്രതിനിധിയായ എൻ ധർമ്മലിംഗത്തിന്റെ മകനായ ഡി. ഉദയകുമാറിന് വിവാദത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്.
രൂപ ചിഹ്നം നീക്കി രൂ എന്നെഴുതിയത് തനിക്കെതിരായ അധിക്ഷേപമല്ല എന്നാണ് ഉദയകുമാർ പറയുന്നത്. 'നമ്മുടെ എല്ലാ ഡിസൈനുകളും വിലമതിക്കപ്പെടുകയോ, അംഗീകരിക്കപ്പെടുകയോ ഇല്ല. നിങ്ങളെയും വിമർശിക്കാം. ഒരു ഡിസൈനർ എന്ന നിലയിൽ വിമർശിക്കുന്നവരെ പോസിറ്റീവായി കണ്ട് മുന്നോട്ടുപോകണം. എന്റെ ജോലിയോടുള്ള അനാദരവോ,അവഗണനയോ ആയി ഇതിനെ ഞാൻ കാണുന്നില്ല.' ഡിസൈൻ നിർമ്മിക്കുന്ന സമയം തന്നോട് പറഞ്ഞ കാര്യങ്ങൾ കൃത്യമായി താൻ ചെയ്‌തിരുന്നുവെന്നും ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉദയകുമാർ വ്യക്തമാക്കി.
ഡിഎംകെയുടെ തീരുമാനത്തെ വിമർശിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ കഴിഞ്ഞദിവസം ഡി ഉദയകുമാറിന്റെ സേവനത്തെ സ്‌മരിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് ഉദയകുമാർ മറുപടി നൽകിയിരിക്കുന്നത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ദിവസം സ്റ്റാലിൻ പുറത്തുവിട്ട ബഡ്ജറ്റിനെക്കുറിച്ചുള്ള ടീസറിലാണ് ലോഗോ മാറിയത്. 'തമിഴ്നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനവും ഉറപ്പാക്കുകയാണ് ..' എന്നാണ് ലോഗോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. ദ്രവീഡിയൻ മോഡൽ, ടി.എൻ ബഡ്ജറ്റ് 2025 തുടങ്ങിയ ഹാഷ്ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനുമുൻപുണ്ടായിരുന്ന രണ്ടു ബഡ്ജറ്റുകളിലും രൂപയുടെ ചിഹ്നമാണ് വച്ചിരുന്നത്. അതേസമയം ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. തമിഴ്നാട് ഇന്ത്യയിൽ നിന്ന് ഭിന്നമാണെന്നാണ് ഇതുകാണിക്കുന്നതെന്ന് ബി.ജെ.പി വക്താവിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |