മലപ്പുറം: നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്‌ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രധാന നിർദ്ദേശങ്ങൾ
▪️ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിക്കുന്ന ആനയുടെ/ആനകളുടെ അരികിൽ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള, ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി. ജെ എന്നിവ അവയ്ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ ഇനി മുതൽ നിരോധിച്ചു.
▪️ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി.
▪️ അഞ്ചും അഞ്ചിന് മേൽ ആനകളെ ഉപയോഗിച്ച് ഉത്സവത്തിന് അനുമതിയുള്ള കമ്മിറ്റികൾ ഒരാഴ്‌ച മുമ്പായി പൊലീസ്, ബന്ധപ്പെട്ട വെറ്ററിനറി ഓഫീസർ, വില്ലേജ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി,ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ സംയുക്ത മീറ്റിംഗ് ചേർന്ന് നാട്ടാന പരിപാലന ചട്ടം ഫലവത്തായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണം.
▪️എഴുന്നള്ളിക്കുന്ന ആനകളുടെ, മുൻഭാഗത്ത് അഞ്ചു മീറ്ററിൽ കൂടുതലും, പിൻഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററിൽ കൂടുതലും അകലം പാലിക്കാനായി ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങൾ ഉത്സവ കമ്മിറ്റികൾ ഒരുക്കണം.
▪️ പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാൻമാർക്കും കാവടികൾക്കും മാത്രമേ പ്രവേശനാനുമതിയുള്ളു.
▪️ആരാധനാലയങ്ങളിൽ നടക്കുന്ന ആന എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ ഉത്സവത്തിന്റെ ഒരു മാസം മുമ്പ് തന്നെ നൽകേണ്ടതും അതത് മാസം ചേരുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമാക്കുകയും ചെയ്യണം.
▪️തുടർച്ചയായി രണ്ടുപ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നടപടികൾ മൂലം ആന ഇടഞ്ഞ് പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിലും ചട്ടത്തിന് വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും മറ്റും കേസ്സ് എടുക്കുന്ന സാഹചര്യമുണ്ടായാൽ പ്രസ്‌തുത സ്ഥലത്തുള്ള ആഘോഷങ്ങൾക്ക് ആന എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |