ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഒട്ടാവയിലെ റിഡോ ഹാളിൽ ഗവർണർ ജനറൽ മേരി സൈമൺ സത്യവാചകം ചൊല്ലിക്കൊടുത്തു. ക്യാബിനറ്റും അധികാരമേറ്റു. വിദേശകാര്യ മന്ത്രി മെലാനി ജോളി അടക്കം പ്രധാനപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ പദവി നിലനിറുത്തി. ഇന്ത്യൻ വംശജരായ അനിത ആനന്ദ് (ശാസ്ത്രം, വ്യവസായം), കമൽ ഖേര (ആരോഗ്യം) എന്നിവരും ക്യാബിനറ്റിലുണ്ട്.
2015 മുതൽ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ച ജസ്റ്റിൻ ട്രൂഡോ ഇന്നലെ രാവിലെ ഔദ്യോഗികമായി പദവി ഒഴിഞ്ഞു. നൽകിയ വിശ്വാസത്തിനും പിന്തുണയ്ക്കും ജനതയ്ക്ക് നന്ദി അറിയിക്കുന്നതായി ട്രൂഡോ പറഞ്ഞു.ഈ ആഴ്ച ആദ്യമാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമായ കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്. യു.എസുമായുള്ള വ്യാപാര യുദ്ധമാണ് കാർണിയ്ക്ക് മുന്നിലെ മുഖ്യ വെല്ലുവിളി.
യു.എസിനെതിരെ പരാതി
ഇതിനിടെ, രാജ്യത്ത് നിന്നുള്ള സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്കുള്ള താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാനഡ ലോകവ്യാപര സംഘടനയിൽ പരാതി സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |