തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിൽ നിന്ന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത. വടക്കൻ കേരളത്തിലാണ് മഴ ശക്തമായിട്ടുള്ളതെങ്കിലും തിരുവനന്തപുരത്തടക്കം നേരിയ മഴ പെയ്തു. മലപ്പുറത്തും കോഴിക്കോട്ടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഴയ്ക്കൊപ്പം പരമാവധി 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിൽ മഴ ശക്തമായി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. നിലമ്പൂരിൽ മഴയിൽ ഗവ. യു.പി സ്കൂളിന്റെ മതിൽ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. കോഴിക്കോട് കൂടരഞ്ഞി മേഖലയിലും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇതിനിടെ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ അൾട്രാവയലറ്റ് രശ്മി സൂചിക (11) റെഡ് അലർട്ടിലെത്തി. കോട്ടയം, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ സൂചിക പ്രകാരം ഓറഞ്ച് അലർട്ടാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |