തിരുവനന്തപുരം: കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റതെന്ന് ആവർത്തിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ഉമ്മ ഷെമി. അഫാനെ ജയിലിൽ നിന്നിറക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ.
'നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ പറഞ്ഞതാണ് കറക്ട്. എനിക്ക് അതേ ഓർമയുള്ളൂ. ഞാൻ കട്ടിലിൽ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓർമയിലും അതുതന്നെയാണ്. പൊലീസുകാർ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളിൽ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓർമയുണ്ട്. അതുതന്നെയാണ് ഞാൻ പറഞ്ഞത്.
സാറെ എന്റെ കൊച്ചിനെ ഇറക്കാൻ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവൻ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കിൽ ഞാൻ എന്നേ എന്തെങ്കിലും ചെയ്‌തേനെ. അവനെ പ്രതീക്ഷിച്ച് മാത്രമാണ് ജീവിക്കുന്നത്.'-അഫാന്റെ മാതാവ് പറഞ്ഞു.
അന്വേഷണ സംഘം രണ്ട് തവണ ഷെമിയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഷെമിയെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തി സംസാരിച്ചിരുന്നു.
എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യത്തിന് കട്ടിലിൽ നിന്ന് വീണു എന്ന മറുപടിയാണ് ഷെമി പറഞ്ഞത്. കട്ടിലിൽ നിന്ന് വീണാൽ ഇത്രയും വലിയ പരിക്ക് ഏൽക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനുശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണുവെന്ന മറുപടിയാണ് നൽകിയത്. സംഭവ ദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയായിരുന്നു ഷെമി കാട്ടിയത്.
അനുജൻ, കാമുകി, മുത്തശ്ശി, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. ക്യാൻസർ രോഗിയായ ഷെമിയെ ഗുരുതരമായി പരിക്കേൽപ്പിച്ചു. അരും കൊലകൾക്ക് ശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. ഇയാളെ കാണണമെന്ന് ഷെമി കഴിഞ്ഞ ദിവസം ബന്ധുക്കളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |