ചെന്നൈ: ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ടത് സൂപ്പർസ്റ്റാർ രജനികാന്ത്. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. 'എമ്പുരാന്റെ ട്രെയിലർ ആദ്യമായി കണ്ട വ്യക്തി. ട്രെയിലർ കണ്ടതിനുശേഷം താങ്കൾ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല. ലോകത്തിലെ ഏറ്റവും വലിയ കാര്യമാണ് എനിക്കിത്. എക്കാലത്തെയും ആരാധകൻ'- എന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.
ചെന്നൈ പോയസ് ഗാർഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് പൃഥ്വിരാജ് ട്രെയിലർ കാണിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലാണ് പൃഥ്വിയിപ്പോൾ. മോഹൻലാലിനൊപ്പം വമ്പൻ താരനിര അണിനിരക്കുന്ന എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇതുവരെ പുറത്തുവന്നിട്ടില്ല. ട്രെയിലർ വൈകുന്നതിലും എമ്പുരാന് പ്രമോഷനുകൾ ഇല്ലാത്തതിലും ആരാധകർ നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെയിറങ്ങിയ ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ താരനിരയ്ക്ക് ഇന്റർനാഷണൽ അപ്പീൽ നൽകുന്നത് ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ആണ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |