SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

നദികളെയും അണകളെയും വീണ്ടെടുക്കാൻ

Increase Font Size Decrease Font Size Print Page
sand

സംസ്ഥാനത്തെ ചെറുതും വലുതുമായ നദികളിലെല്ലാം വൻതോതിൽ മണൽ അടിഞ്ഞുകൂടി അവയുടെ ജലശേഷിയിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. വേനൽ കടുത്തതോടെ പതിവിൻപടി നദികളിലെ മണൽശേഖരം പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുകയാണ് ധനവകുപ്പ്. എന്നാൽ ആലോചനകളല്ലാതെ പദ്ധതി ഒട്ടും മുന്നോട്ടുപോകുന്നില്ല. മണലിനൊപ്പം ചെളിയും കൂടിച്ചേർന്നു കിടക്കുന്നതിനാൽ ശാസ്‌ത്രീയ മാർഗങ്ങളിലൂടെ മണൽ വേർതിരിച്ചെടുത്ത് നിർമ്മാണാവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ വലിയ ചെലവു വരും. ഇതാണ് പലരെയും ഈ രംഗത്തുനിന്ന് അകറ്റിനിറുത്തുന്നത്. ഒന്നര പതിറ്റാണ്ടു മുമ്പ് തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് ബഡ്‌ജറ്റിൽ മണൽ വാരൽ നിർദ്ദേശം ഉൾപ്പെടുത്തിയത് ഓർക്കുന്നു. ആയിരം കോടി രൂപയുടെ വരുമാനമെങ്കിലും ഇതിലൂടെ ലഭിക്കുമെന്നും കണക്കാക്കിയിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം.

ഇപ്പോഴും അണക്കെട്ടുകളിലെ മണൽശേഖരം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ഇടതുമുന്നണി സർക്കാർ ആലോചിക്കുന്നുണ്ട്. മണൽ വാരാൻ പറ്റിയ സമയം ഇതായതിനാൽ നിർദ്ദേശവുമായി മുന്നോട്ടുപോകാൻ സർക്കാർ നടപടി എടുക്കേണ്ടതാണ്. നദികളുടെയും അണക്കെട്ടുകളുടെയും നിലനില്പിനും മണ്ണും ചെളിയും കാലാകാലം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. റവന്യു വകുപ്പ് ഈയിടെ സംസ്ഥാനത്തെ നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിലും ഇക്കാര്യം പറയുന്നുണ്ട്. പ്രളയ സാദ്ധ്യത ഒഴിവാക്കാനും സ്വാഭാവിക സംഭരണശേഷി നിലനിറുത്താനും മണൽ ഖനനം ഗുണകരമാകും. ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയാണ് മണൽ ശേഖരത്തിലും മുന്നിൽ. 211 ലക്ഷം ക്യുബിക് മീറ്റർ മണലെങ്കിലും ഭാരതപ്പുഴയിൽ നിന്ന് വാരിയെടുക്കാം. നിലവിൽ കട്ടും കാണാതെയും പലരും ഭാരതപ്പുഴയിലെ മണ്ണ് കൊണ്ടുപോകുന്നുണ്ട്.

പെരിയാറാണ് ഈ ഗണത്തിൽ രണ്ടാം സ്ഥാനത്തു വരുന്നത്. ഈ നദിയിൽ നിന്ന് 9.78 ലക്ഷം ക്യുബിക് മീറ്റർ മണൽ വാരാമെന്നാണ് പഠനത്തിൽ കണ്ടത്. സംസ്ഥാനത്തെ 36 നദികളിൽ സാൻഡ് ഓഡിറ്റ് നടത്തിയതിൽ 33 എണ്ണത്തിലെ ഓഡിറ്റ് വിവരം സർക്കാർ അംഗീകരിച്ചു. മണൽ ശേഖരം കുറവായ നെയ്യാറിലും കരമനയാറിലും ഖനന സാദ്ധ്യത ഒട്ടുമില്ലാത്തതിനാൽ അവിടങ്ങളിൽ നിലവിലുള്ള മണൽവാരൽ നിരോധനം തുടരും. നദികളിലെന്നപോലെ അണക്കെട്ടുകളിലും മണലും ചെളിയും അടിഞ്ഞ് സംഭരണശേഷി ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അണക്കെട്ടുകളുടെ നിലനില്പിനെപ്പോലും അപകടപ്പെടുത്തുന്ന ഭീഷണിയാണിത്. ചില അണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിപോലും ശേഖരിക്കാൻ വലിയ വർഷകാലത്തുപോലും സാധിക്കുന്നില്ല. വേനൽക്കാലം തുടങ്ങും മുമ്പേ നദികൾക്കൊപ്പം അണക്കെട്ടുകളും വറ്റിവരളാൻ തുടങ്ങുന്നത്,​ കുടിനീരിനും കൃഷിക്കും ഇവയെ ആശ്രയിച്ചു കഴിയുന്നവരെ ദുരിതത്തിലാക്കുന്നത് പതിവാണ്.

അണക്കെട്ടുകൾ നിർമ്മിച്ചുകഴിഞ്ഞാൽപ്പിന്നെ ഒന്നും ചെയ്യേണ്ട എന്ന സമീപനം മാറിയാലേ ജലസംഭരണികൾ നാടിനും നാട്ടുകാർക്കും പ്രയോജനകരമാവൂ എന്നോർക്കണം. പല അണക്കെട്ടുകളുടെയും കരയോടു ചേർന്ന ഭൂഭാഗങ്ങൾ കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. നദികളുടെ കാര്യത്തിലും ഈ പ്രവണത കാണാം. നദികളുടെയും മറ്റും സ്വാഭാവിക തനിമ നിലനിറുത്താനും സംഭരണശേഷി കൂട്ടാനും ഇത്തരം കൈയേറ്റങ്ങളും കൃഷിയും തടയുക തന്നെ വേണം.

മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഖനന പ്രവർത്തനങ്ങൾ തുടങ്ങാനായാൽ നേട്ടമാകും. സാധാരണ സർക്കാർ നടപടികൾ കൊണ്ട് ഇതു സാദ്ധ്യമാകുമെന്നു തോന്നുന്നില്ല. പ്രത്യേക നടപടികൾ തന്നെ വേണ്ടിവരും. അതേക്കുറിച്ചുവേണം സർക്കാർ ആലോചിക്കാൻ.

TAGS: RIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY