ടെൽ അവീവ്:വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഗാസയിൽ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം.
ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തിൽ നാനൂറോളം പേർ കൊല്ലപ്പെട്ടു. ഹമാസ് സർക്കാരിന്റെ തലവൻ എസാം അൽ ദാലിസ്, നീതി ഉപമന്ത്രി അഹ്‌മ്മദ് അൽ ഹെറ്റ, ആഭ്യന്തര മന്ത്രാലയ തലവൻ മഹ്മൂദ് അബു വത്ഫ, ആഭ്യന്തര സുരക്ഷാ ഡയറക്ടർ ജനറൽ ബഹ്ജത്ത് അബു സുൽത്താൻ എന്നിവർ അടക്കം കൊല്ലപ്പെട്ടതായി സൂചന. ഇവരുടെ വസതികൾ ആക്രമണത്തിൽ തകർന്നു. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.വെടിനിറുത്തൽ കരാർ നിലവിൽ വന്നശേഷമുള്ള ആദ്യ ആക്രമണമാണിത്.
ഹമാസ് സർക്കാരിനെയും അവരുടെ ആയുധശേഷിയെയും തുടച്ചുനീക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ശേഷിക്കുന്ന ബന്ദികളെ ഇസ്രയേൽ മരണശിക്ഷയ്ക്ക് വിട്ടുകൊടുത്തെന്ന് അവരെ തടങ്കലിൽ വച്ചിരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകി.
അമേരിക്ക ആക്രമണത്തെ ന്യായീകരിച്ചു. ഫ്രാൻസും റഷ്യയും വിമർശിച്ചു. വെടിനിറുത്തൽ കരാറിന് വേദിയായ ഖത്തറും പിന്തുണ നൽകിയ ഈജിപ്തും കുറ്റപ്പെടുത്തി.ഇറാനും വിമർശിച്ചു.
ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ദെയ്ർ അൽ-ബലാഹ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കും.
ബെയ്റ്റ് ഹനൂൺ, ഖിർബെത് ഖുസാ, അബസാൻ അൽകബീറ, അബസാൻ അൽ ജാദിദ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ പടിഞ്ഞാറൻ ഗാസ സിറ്റിയിലോ ഖാൻ യൂനിസിലേക്കോ പോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |