തിരുവനന്തപുരം: പാലങ്ങളുടേയും ഫ്ലൈ ഓവറുകളുടേയും അടിഭാഗത്ത് ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം ഉൾപ്പെടെയുളള കിടിലൻ പാർക്കുകൾ വരുന്നു. 'വീ'പാർക്ക് എന്ന പേരിൽ കൊല്ലത്തും കോഴിക്കോട് ഫറോക്കിലും നിർമ്മിച്ച പാർക്കുകൾ ജനം ഏറ്റെടുത്തതാണ് ഇത്തരത്തിൽ കൂടുതൽ പാർക്കുകൾ സജ്ജമക്കാൻ പൊതുമരമത്തിന്റെ പ്രേരിപ്പിച്ചത്.
ദേശീയപാത അതോറിട്ടി ആദ്യ പാർക്ക് സജ്ജമാക്കുന്നത് കാസർകോട്ടാണ്. കറന്തക്കാട് നിന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ്– നുള്ളിപ്പാടി വരെ 1.2 കിലോമീറ്റർ നീളവും 28.5 മീറ്റർ വീതിയുള്ള 29 സ്പാനുകളിൽ നിർമ്മിച്ച ഫ്ലൈഓവറിനടിയിൽ സജ്ജമാക്കുന്നത് ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, 500 പേർക്കു പരിപാടികൾ ഇരുന്നു കാണാനുള്ള ഓപ്പൺ സ്റ്റേജ്, എൽ.ഇ.ഡി സ്‌ക്രീൻ സൗകര്യം, വയോജനങ്ങൾക്ക് ഇരുന്നു വായിക്കാൻ സൗകര്യങ്ങളോടെയുള്ള പാർക്ക്, ഭിന്നശേഷി വിഭാഗത്തിനുൾപ്പെടെയുള്ള ടോയ്‌ലെറ്റ് സൗകര്യം, ആംഫി തിയേറ്റർ, ടൈൽസ് പാകിയ ഫുട്പാത്ത്, വാക്കത്തോൺ സൗകര്യം, വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം എന്നിവയാണ്.. പാലത്തിന്റെ ഭിത്തിയിലും തൂണുകളിലും സാംസ്‌കാരിക തനിമ ഉണർത്തുന്ന പെയിന്റിംഗുകളും സി.സി.സി ടി.വി ക്യാമറകളും. കൊല്ലത്ത് പൊതുമരാമത്ത് വകുപ്പിന്റെ 70 സെന്റിൽ ഒരുക്കിയ പാർക്കിൽ വാക്കിങ് ട്രാക്കുകൾ, കഫ്റ്റീരിയ, ബാഡ്മിന്റൺ,വോളിബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്‌കേറ്റിംഗ് ഏരിയ, ഓപ്പൺ ജിം, യോഗ മെഡിറ്റേഷൻ സോൺ ഇവന്റ് സ്‌പേസ്, ടോയ്‌ലെറ്റ് സൗകര്യങ്ങളുണ്ട്.
എല്ലാ മണ്ഡലങ്ങളിലും വി പാർക്ക്
പൊതുമരാമത്ത് വകുപ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും വി പാർക്കിനുള്ള സാദ്ധ്യത അന്വേഷിക്കും. എം.എൽ.എമാരുടെ സഹായത്തോടെയാണ് ലിസ്റ്റ് തയ്യാറാക്കുക. സ്പോൺസർമാരെ കണ്ടെത്തും. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ദേശീയപാത അതോറിട്ടി പദ്ധതി തയ്യാറാക്കുക. ഫ്ലൈഓവർ നിർമ്മിക്കുന്ന കരാർ കമ്പനി, ഡി.ടി.പി.സി, നഗരസഭ/ ഗ്രാമപഞ്ചായത്ത്, ചേമ്പർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംഘടകൾ എന്നിവരുടെ സഹകരണവും തേടും.
'നൂറിലധികം പാലങ്ങൾക്കടിയിലെ സ്ഥലം ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്''.
- പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |