അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ 3-0ത്തിന് മാൽദീവ്സിനെ തോൽപ്പിച്ചു
സുനിൽ ഛെത്രിക്ക് ഗോൾ നേടി അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുവന്നു
ഷില്ലോംഗ് : ഒൻപത് മാസം മുമ്പ് ഉൗരിവച്ച ഇന്ത്യൻ കുപ്പായത്തിലേക്കുള്ള സുനിൽ ഛെത്രിയുടെ തിരിച്ചുവരവ് രാജകീയം. ഇന്നലെ മാൽദീവ്സിനെതിരായ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഇന്ത്യ 3-0ത്തിന് ജയിച്ചപ്പോൾ അതിൽ അവസാന ഗോൾ ഛെത്രിയുടെ വകയായിരുന്നു. 34-ാം മിനിട്ടിൽ രാഹുൽ ഭെക്കെയും 66-ാം മിനിട്ടിൽ ലിസ്റ്റൺ കൊളാക്കോയുമാണ് ഇന്ത്യയുടെ ആദ്യ ഗോളുകൾ നേടിയിരുന്നത്. 76-ാം മിനിട്ടിലായിരുന്നു ഛെത്രിയുടെ ഗോൾ. ഒന്നേകാൽ കൊല്ലത്തിന് ശേഷമാണ് ഇന്ത്യൻ ഫുട്ബാൾ ടീം ഒരു വിജയം നേടുന്നത്.
നായകന്റെ ആംബാൻഡണിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ സുനിൽ ഛെത്രിയെ നിറഞ്ഞ ആരവങ്ങളോടെയാണ് ഷില്ലോംഗിലെ ഗാലറി വരവേറ്റത്. കിക്കോഫിന്റെ രണ്ടാം മിനിട്ടിൽതന്നെ മാൽദീവ്സ് ഗോൾ മുഖം വിറപ്പിച്ച് സുനിൽ ഛെത്രി രണ്ടാം വരവ് ആവേശഭരിതമാക്കി. ഛെത്രി ലിസ്റ്റണിന് നൽകിയ ക്രോസ് കഷ്ടപ്പെട്ടാണ് മാൽദീവ്സ് പ്രതിരോധം തട്ടിയകറ്റിയത്. 12-ാം മിനിട്ടിൽ ബ്രാൻഡൺ എടുത്ത കോർണറും മാൽദീവ്സ് ഡിഫൻസ് കഷ്ടപ്പെട്ട് ക്ളിയർ ചെയ്യുകയായിരുന്നു. 15-ാം മിനിട്ടിൽ ക്ളോസ് റേഞ്ചിൽ നിന്നുള്ള ഛെത്രിയുടെ ഷോട്ടിൽ നിന്നും അവർ കഷ്ടിച്ച് രക്ഷപെട്ടു. 25-ാം മിനിട്ടിലെ ലിസ്റ്റണിന്റെ ഫ്രീ കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കുപോയത്.
32-ാം മിനിട്ടിൽ ബ്രാൻഡൺ എടുത്ത കോർണർ കിക്കിന് രാഹുൽ ഭെക്കെ തലവച്ചെങ്കിലും പോസ്റ്റിന് മുകളിലേക്കാണ് പോയത്. എന്നാൽ രണ്ട് മിനിട്ടിനികം ബ്രാൻഡൺ എടുത്ത അടുത്ത കോർണർ കിക്കിൽ ഭെക്കെയുടെ ഹെഡർ പിഴച്ചില്ല. ഇന്ത്യ സ്കോർ ബോർഡ് തുറക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതുവരെ നിരവധി ഇന്ത്യൻ മുന്നേറ്റങ്ങൾ കണ്ടെങ്കിലും സ്കോർ ബോർഡ് 1-0ത്തിൽ നിന്ന് അനങ്ങിയില്ല.
രണ്ടാം പകുതിയുടെ രണ്ടാം മിനിട്ടിൽ മഹേഷിന്റെ കോർണറിന് ഛെത്രി ഹെഡ് ചെയ്തത് മാൽദീവ്സ് ഗോളി തട്ടിക്കളഞ്ഞു. തൊട്ടുപിന്നാലെ ഫാറൂഖും ഛെത്രിയും ചേർന്ന് നടത്തിയ നീക്കങ്ങളും എതിർ പ്രതിരോധം നിർവീര്യമാക്കി. എന്നാൽ 66-ാം മിനിട്ടിൽ മഹേഷിന്റെ ഫ്രീ കിക്കിൽ നിന്ന് കൊളാക്കോ ഗോളാക്കുകതന്നെ ചെയ്തതോടെ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
73-ാം മിനിട്ടിലാണ് മാൽദീവ്സിന്റെ ഭാഗത്തുനിന്ന് കൊള്ളാവുന്ന ഒരു മുന്നേറ്റമുണ്ടായത്. എന്നാൽ ഇത് ഇന്ത്യൻ ഗോളി വിശാൽ ഖെയ്ത് ഈസിയായി സേവ് ചെയ്തു. ആരാധകർകാത്തിരുന്ന സുനിൽ ഛെത്രിയുടെ ഗോൾ പിറന്നത് 76-ാം മിനിട്ടിലാണ്.ലിസ്റ്റന്റെ ക്രോസാണ് ഛെത്രി തന്റെ തിരിച്ചുവരവിലെ ഗോളാക്കി മാറ്റിയത്.ഇതോടെ ഗാലറി ആരവങ്ങളിലമർന്നു.
ഗോളുകൾ ഇങ്ങനെ
1-0
34-ാം മിനിട്ട്
രാഹുൽ ഭെക്കെ
ബ്രാൻഡൻ ഫെർണാണ്ടസ് എടുത്ത കോർണർ കിക്കിനെ മികച്ച ഒരു ഹെഡറിലൂടെയാണ് ഭെക്കെ വലയിലാക്കിയത്.
2-0
66-ാം മിനിട്ട്
ലിസ്റ്റൺ കൊളാക്കോ
ഒരു ഫ്രീ കിക്കിൽ നിന്ന് മഹേഷ് നൽകിയ ക്രോസാണ് ലിസ്റ്റൺ കൃത്യമായി ഗോളിലേക്ക് കണക്ട് ചെയ്തത്.
3-0
76-ാം മിനിട്ട്
സുനിൽ ഛെത്രി
ലിസ്റ്റണിന്റെ ക്രോസിൽ നിന്നാണ് സുനിൽ ഛെത്രി മാൽദീവ്സിന്റെ വല കുലുക്കിയത്.
95
ഇന്ത്യയ്ക്ക് വേണ്ടി തന്റെ 95-ാമത് അന്താരാഷ്ട്ര ഗോളാണ് സുനിൽ ഛെത്രി ഇന്നലെ നേടിയത്.
2023 നവംബർ 16ന് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ കുവൈറ്റിനെ 1-0ത്തിന് തോൽപ്പിച്ച ശേഷം ആദ്യമായാണ് ഇന്ത്യൻ ഫുട്ബാൾ ടീം ഒരു മത്സരത്തിൽ ജയിക്കുന്നത്. 2024ൽ കളിച്ച 11 മത്സരങ്ങളിലും ജയിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
2024 ജൂൺ ആറിന് കുവൈറ്റുമായി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിലൂടെയാണ് ഛെത്രി വിരമിച്ചിരുന്നത്.
മാർച്ച് 25ന് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ളാദേശിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |