ചൂരൽമല (വയനാട്): ഉരുളിന്റെ താണ്ഡവത്തിൽ നൂലുപോലെ മെലിഞ്ഞ് ഗതിമാറി ഒഴുകിയ പുഴയുണ്ട് വയനാട്ടിൽ. ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് ജീവജലം നൽകിയിരുന്ന പുന്നപ്പുഴ. ഉരുൾപൊട്ടലിൽ വലിയ പാറകളും കൂറ്റൻ മരങ്ങളും വീണ് ഒഴുക്കുതടസപ്പെട്ട് മെലിഞ്ഞ പുഴയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. പുഴയിൽ അടിഞ്ഞ ഉരുൾ അവശിഷ്ടങ്ങൾ നീക്കാൻ 195.55 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി നൽകി.
ഏപ്രിലിൽ പുനരുജ്ജീവന പ്രവൃത്തി തുടങ്ങും. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പുഴയിൽ നിന്ന് ഉരുൾ അവശിഷ്ടങ്ങളടക്കം നീക്കി ഒഴുക്ക് സുഗമമാക്കുന്നതാണ് പദ്ധതി. പുഴ നേരത്തെ എങ്ങനെയായിരുന്നോ അതേ രീതിയിലാക്കുകയാണ് ലക്ഷ്യം. ചതുരാകൃതിയിൽ നെറ്റ് സ്ഥാപിച്ച് അതിൽ കല്ലിറക്കി ഉറപ്പിക്കുന്ന ഗാബിയോൺ നിർമ്മാണ രീതിയിലാകും സംരക്ഷണം തീർക്കുക. പുഞ്ചിരിമട്ടം മുതൽ ചൂരൽമലവരെ 6.9 കിലോമീറ്റർ ദൂരത്തിലാണിത്.
സൈനികർ ഈ ഭാഗത്ത് നിർമ്മിച്ച ബെയ്ലിപ്പാലത്തിന്റെ അടിത്തറ ഈ രീതിയിലാണ് നിർമ്മിച്ചത്. ഇതിനൊപ്പം നദീതീരത്തെ മണ്ണൊലിപ്പിൽ നിന്നും സംരക്ഷിക്കും. ഇതിനായി സംരക്ഷണ ഭിത്തികളടക്കം നിർമ്മിക്കും. ഉരുൾദുരന്തം ബാധിച്ച പ്രദേശങ്ങൾ കൃഷിയോഗ്യമാക്കാനും ആലോചനയുണ്ട്.
തിരിച്ചു വരും
ചൂരൽമല അങ്ങാടി
ഉരുൾപൊട്ടലിൽ നാമാവശേഷമായ ചൂരൽമല അങ്ങാടിയേയും പഴയ പ്രതാപത്തോടെ തിരിച്ചു കൊണ്ടുവരാനും പദ്ധതി തയ്യാറാക്കും. റോഡുകൾ പുനർനിർമ്മിക്കാനുള്ള ശ്രമമാരംഭിച്ചു. ചൂരൽമലയിൽ പഴയ പാലം ഉണ്ടായിരുന്ന സ്ഥലത്ത് പുതിയത് നിർമ്മിക്കും. ദുരന്തഭൂമിയിലെ കല്ലുകളും മരങ്ങളും ടൗൺഷിപ്പ് നിർമ്മാണത്തിന് ഉപയാഗിക്കാനുള്ള ആലോചനയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |