കണ്ണൂർ: ചക്കരക്കല്ലിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നാൽപതോളം പേർക്ക് പരിക്ക്.അടുക്കളയിൽ വരെ കയറി ആളുകളെ കടിച്ച നായ എട്ടുകിലോമീറ്റർ പ്രദേശത്താണ് പാഞ്ഞുനടന്ന് ആളുകളെ ആക്രമിച്ചത്. ഇന്നലെ രാവിലെ 6.20 ഓടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം.
പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായിചികിത്സ തേടി.ഗുരുതര പരിക്കേറ്റ മുതുകുറ്റിയിലെ ടി.കെ.രാമചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇയാളുടെ മൂക്ക് തെരുവുനായ കടിച്ചുപറിച്ചു. ഇരിവേരി സി.എച്ച്.സി , അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും പരിക്കേറ്റവരിൽ ചിലർ ചികിത്സ തേടി.
ചാല കോയിയോട്, പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കല്ല് സോനാ റോഡ്, ചക്കരക്കൽ സിവിലിന് സമീപം എന്നിവിടങ്ങളിലാണ് തെരുവുനായയുടെ പരാക്രമണം. കടിയേറ്റവരിൽ അഞ്ചുപേർ കുട്ടികളാണ്.
ചക്കരക്കൽ സ്വദേശികളായ ശാന്ത (70), അനിഘ(10),സിനി അനിൽ(35),സുമ (47),വിനായകൻ(4), മുഹമ്മദ്(8),സുൽഫർ(13), പനേരിച്ചാൽ സ്വദേശികളായ രഘു രാജൻ(59) ,അഞ്ചരക്കണ്ടി സ്കൂൾ ബസ് തൊഴിലാളി എ. എം.രമേശൻ(65), ഷൈജു(42), ഷൈനി (44), ശ്രീജ(49), രാമകൃഷ്ണൻ(54), സജിനി (45), രഹില (34), ജിപേഷ്(38) ,മനോഹരൻ(56), ഗോപി(42) ,താഹിറ (53), സനിത(38), രാജേഷ്(44),സാജിദ്(18), ശ്രേയ(46),ശിവന്യ(15),രതുല(40), മുഴപ്പലാ സ്വദേശി പ്രസന്ന (70), ഇതര സംസ്ഥാന തൊഴിലാളി ആലം ഹുസൈൻ(21) ആർ.വി മെട്ടയിലെ ശ്രീജൻ(46),കോളേജ് വിദ്യാർത്ഥി വിഷ്ണു(18), അനഘ(21), കാർത്യായനി(76), ധനുഷ(31),ഷീന(40)വിനീത(36), സക്കറിയ(48) പത്ര ഏജന്റ് എ .ചന്ദ്രൻ(58), ചിറക്കാത്ത് ഷാജി എന്നിവരെയാണ് സാരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടമ്മയെ ആക്രമിച്ച് തുടക്കം
ഇന്നലെ രാവിലെ ചാല കോയിയോട് പൊക്കൻമാവിൽ പുതിയ പുരയിൽ സജിനിയെയാണ് (45) തെരുവുനായ ആദ്യം ആക്രമിച്ചത്.മകളുമായി ആശുപത്രിയിലെത്താൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയായിരുന്ന നായ ചാടിവീണത്. സജിനിയുടെ ഇടതുകൈക്കാണ് കടിയേറ്റത്. പരിസരവാസികൾ രജനിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയിൽ ഇതെ നായ തന്നെ പരിസരപ്രദേശങ്ങളിൽ പാഞ്ഞുനടന്ന് ആളുകളെ കടിച്ചുപറിക്കുകയായിരുന്നു. ബസ് കാത്ത് നിന്നവരും റോഡിലൂടെ നടന്നവരും വീടിന്റെ വരാന്തയിലും അടുക്കളയിലും നിന്നവരുമെല്ലാം നായക്ക് ഇരയായി.പൊതുവാച്ചേരി, ഇരിവേരി, പനേരിച്ചാൽ, മുഴപ്പാല, ചക്കരക്കൽ ടൗൺ, ചക്കരക്കൽ സോനാറോഡ്, ചക്കരക്കൽ സിവിൽ റോഡ് എന്നിവിടങ്ങളിലുണ്ടായ പലർക്കും കടിയേറ്റു.
വീടിന്റെ പുറത്ത് നിന്ന് വെള്ളം ചൂടാക്കുന്നതിനിടെയാണ് ചാലിൽ ശാന്തയെ നായ കടിച്ചത്.മറിഞ്ഞുവീണ ശാന്തയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.വീടിന്റെ അടുക്കളയിൽ കയറിയാണ് സുമയെ നായ ആക്രമിച്ചത് . പത്തുവയസുകാരി അനഘയെ ആക്രമിക്കുമ്പോൾ അമ്മ ബാഗ് എടുത്ത് തല്ലി നായയെ ഓടിച്ചതാണ് രക്ഷയായത്. വീടിന്റെ വരാന്തയിലിരുന്ന് കളിക്കുന്നതിനിടെയാണ് നാലുവയസുകാരൻ വിനായകനും എട്ടുവയസുകാരൻ മുഹമ്മദിനും കടിയേറ്റത്. ഇതര സംസ്ഥാനതൊഴിലാളിയായ ആലം ഹുസൈൻ ജോലിക്കായി ഇറങ്ങിയപ്പോഴായിരുന്നു ആക്രമണത്തിനിരയായത്. പത്രം ഏജന്റായ ചന്ദ്രനെ മുഖത്താണ് കടിയേറ്റത്. കോളജിൽ പോകാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ വിഷ്ണുവിന് കടിയേറ്റത്. ഒരാൾ പൊക്കത്തിൽ തുള്ളി ഉയർന്നാണ് പലരുടെയും മുഖത്ത് നായ കടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ചക്കരക്കൽ ചിറക്കാത്ത് വലയിൽ വച്ച് പി.ഷാജിയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ നായ ചത്തു.
ഇതിനിടെ ഷാജിയുടെ ഇടതു കൈക്കും കടിയേറ്റു.
എഴുപതുകാരിയെ കടിച്ചത് അടുക്കളയിൽ കയറി
രാവിലെ ഏഴോടെഅടുക്കളയിലെ ബെഞ്ചിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു മുഴപ്പാല ചികറക്കാത്തിലെ ചായില്ല്യോട്ട് ശാരദ(70) നായുടെ ആക്രമണത്തിനിരയായത്. വീടിന്റെ പിൻഭാഗത്ത് കൂടി ഓടി കയറിയ നായ ശാരദയുടെ കൈയ്ക്കും കാലിനും നെറ്റിയിലുമെല്ലാം കടിച്ചു. പരിക്കേറ്റ് ബെഞ്ചിൽ നിന്നും മറിഞ്ഞ് വീണ ശാരദയ്ക്ക് ഒാപ്പറേഷൻ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർ.സംഭവ സ്ഥലത്ത് ഒപ്പമുള്ള ഇളയമകൾ ഷീന വീടിന്റെ മുകളിലെ നിലയിലായിരുന്നു. പേരമകൻ വന്നപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്ന ശാരദയെ കണ്ടത്.പിന്നാലെ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചക്കരക്കല്ലിലെ ഹരിയുടെ ഒന്നര വയസുള്ള കുഞ്ഞിനെയും തെരുവുനായ ആക്രമിച്ചു.ഈ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം എട്ട് കിലോമീറ്ററിനുള്ളിൽ
രണ്ടുമണിക്കൂറിനിടെയാണ് എട്ട് കിലോമീറ്റർ പ്രദേശത്ത് തെരുവ് നായ ഇത്രയും പേരെ ആക്രമിച്ചത്.കോയ്യോട് പൊക്കൻമാവിൽ മദ്രസയിൽ പോയി വരുന്ന കുട്ടിയെയും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെയും നായ കടിച്ചു. കുട്ടികളുടെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് കടിയേറ്റത്. തുടർന്ന് പാനേരിച്ചാൽ, ഇരിവേരി, കണയന്നൂർ, ആർ.വി മെട്ട, കാവിൻമൂല, പ്രദേശങ്ങളിലൂടെ മുഴപ്പാല എത്തും വരെ 30 ഒാളം പേർക്ക് കടിയേൽക്കുകയുണ്ടായി.സ്‌കൂൾ, കോളേജ്, മദ്രസ വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കെല്ലാം കടിയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |