കുന്ദമംഗലം: ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുടെ സമുദ്രാന്തർ പഠനത്തിനും അന്റാർട്ടിക് പര്യവേഷണത്തിനും വേണ്ടിയുള്ള വിദൂര നിന്ത്രിത അന്തർ വാഹിനിക്ക് ആവശ്യമായ ഡെക്ക് പവർ സപ്ളൈ സാങ്കേതിക വിദ്യ വികസിപ്പിച്ച് കാലിക്കറ്റ് എൻ.ഐ.ടി. സമുദ്രത്തിനടിയിൽ ഒരു കിലോമീറ്ററോളം താഴെ സഞ്ചരിക്കുന്ന വാഹിനിക്ക് വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന പവർ സപ്ളൈ ആവശ്യമാണ്. സമുദ്രത്തിനു മുകളിലൂടെ പോകുന്ന കപ്പലിന്റെ ഡെക്കിൽ സ്ഥാപിക്കുന്ന ഈ ഉപകരണത്തിൽ നിന്ന് ഇലക്ട്രിക് കേബിൾ മുഖേനയാണ് വാഹിനിയിലേക്ക് പവർ എത്തിക്കുന്നത്. സെന്റർ ഒഫ് ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ എട്ട് മാസം കൊണ്ടാണ് ഡെക്ക് പവർ സപ്ളൈ നിർമിച്ചു കൈമാറിയത്. ഐ. ഇ. സി മാനദണ്ഡം അനുസരിച്ചുളള എല്ലാ പരിശോധനകളും വിജകരമായി പൂർത്തിയാക്കി. ഓപ്പൺ സോഴ്സ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ നിർമിത പ്രൊസസർ ആണ് ഉപകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. എൻ.ഐ.ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സാങ്കേതിക വിദ്യ കൈമാറൽ കൂടിയാണിത്. എൻ.ഐ.ടിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ എൻ.ഐ.ഒ. ടി സയന്റിസ്റ്റ് ജി. ഹരികൃഷ്‌ണന് സാങ്കേതിക വിദ്യ കൈമാറി. സെന്റർ ഒഫ് ഇലക്ട്രിക് വെഹിക്കിൾ എൻജിനിയറിംഗ് ചെയർമാൻ ഡോ. നിഖിൽ ശശിധരൻ, ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രൊഫസർ ഡോ. എം.പി.ശ്രീലക്ഷ്മി, ഇലക്ട്രോണിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. സി.വി.രഘു എന്നിവരോടൊപ്പം എൻ.ഐ.ടി ഗവേഷക വിദ്യാർത്ഥികളായ ജി.രഞ്ജിത്ത്, എസ്.എ.കണ്ണൻ, മുഹമ്മദലി ഷഫിഖ് എന്നിവർ ചേർന്നാണ് പൂർണമായും തദ്ദേശീയമായി ഈ സാങ്കേതിക വിദ്യ നിർമിച്ച് രാജ്യത്തിന് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |