ഐ.പി.എൽ 18-ാം സീസണിന് നാളെ തുടക്കം
കൊൽക്കത്ത: കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ പതിനെട്ടാം പതിപ്പിന് നാളെ കൊടിയേറ്റം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. പ്രൗഢ ഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് ശേഷം രാത്രി 7.30 മുതലാണ് കൊൽക്കത്തയും ആർ.സി.ബിയും നേർക്കുനേർ വരുന്ന പതിനെട്ടാം സീസണിലെ കന്നിപ്പോരാട്ടംകഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ 13 വേദികളിലും ആദ്യ മത്സരത്തിന് മുമ്പ് ഉദ്ഘാടനച്ചടങ്ങ് നടത്തുമെന്നാണ് വിവരം.
ഉദ്ഘാടനത്തിന് സൂപ്പർ താരനിര
ഈഡൻ ഗാർഡൻസിൽ പ്രമുഖ ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടുന്ന അതിഗംഭീര ഉദ്ഘാടനച്ചടങ്ങാണ് സീസൺ ആരംഭത്തിന് മുന്നോടിയായ ഒരുക്കിയിരക്കുന്നത്. ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ, ദിഷ പട്ടാണി, ശ്രദ്ധ കപൂർ, ഗായകരായ കരൺ ഔജില,അരിജിത് സിംഗ് , ശ്രേയാ ഘോഷാൽ എന്നിവരെല്ലാം ഉദ്ഘാടനച്ചടങ്ങിൽ അണിനിരക്കും. ഡാൻസും ലൈവ് മ്യൂസിക്കും വിഷ്വൽ എഫ്‌ക്‌ടുകളും ഉൾക്കൊള്ളിച്ച് ഒരുമണിക്കൂർ നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങിലെ കലാപരിപാടിൾ. രാത്രി 6 മുതൽ ഉദ്ഘാടനച്ചടങ്ങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. മേയ് 25ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.
പത്ത് ടീമുകൾ 2 ഗ്രൂപ്പ്
ഐ.പി.എൽ 2025ൽ കഴിഞ്ഞ തവണത്തേപ്പോലെ പ്രാഥമിക ഘട്ടത്തിൽ പത്ത് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. ഒരു ഗ്രൂപ്പിൽ 5 ടീമുകൾ വീതമായിരിക്കും. ടീമുകൾ 7 വീതം ഹോം എവേ ഉൾപ്പെടെ ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിക്കും. ഒരേ ഗ്രൂപ്പിലുള്ള ടീമുകൾ തമ്മിൽ പരസ്‌പരം രണ്ട് തവണ ഏറ്റുമുട്ടും. മറ്റേ ഗ്രൂപ്പിലുള്ള ഒരു ടീമുമായി രണ്ട് തവണയും മറ്റു ടീമുകളുമായി ഓരോ തവണയും ഏറ്റുമുട്ടും.
ഗ്രൂപ്പ് എ
ചെന്നൈ, കൊൽക്കത്ത,രാജസ്ഥാൻ, ബംഗളൂരു,പഞ്ചാബ്
ഗ്രൂപ്പ്ബി
മുംബയ്, ഗുജറാത്ത്, ഹൈദരാബാദ്,ഡൽഹി, ലക്‌നൗ
മുഖാമുഖം ക്യാപ്‌ടൻമാർ,
പന്തിൽ തുപ്പൽ തേക്കാം
പുതിയ സീസണിന് മുന്നോടിയായുള്ള ക്യാപ്ടൻമാരുടെ കൂടിക്കാഴ്ചയും ഫോട്ടോ ഷൂട്ടും ഇന്നലെ നടന്നു. പത്ത് ടീമുകളുടെ ക്യാപ്ടൻമാരും ചടങ്ങിൽ പങ്കെടുത്തു. മുംബയ്‌യിൽ ബി.സി.സി.ഐ ഹെഡ ്ക്വാർട്ടേഴ്‌സിലെ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്‌ചാത്തലത്തിൽ ഫോട്ടോ ഷൂട്ടും നടന്നു.
പുതിയ സീസണിലെ രണ്ട് സുപ്രധാന മാറ്റങ്ങൾക്ക് ക്യാപ്‌ടൻസ് മീറ്റിംഗിൽ അന്തിമ തീരുമാനമായി. പന്തിൽ താരങ്ങൾ തുപ്പൽ തേക്കുന്നത് വിലക്കിയ നടപടി പുതിയ ഐ.പി.എൽ സീസണിൽ മാറ്റി. പുതിയ ഐ.പി.എൽ സീസണിൽ ബൗളർക്കും ഫീൽഡർമാർക്കും പന്തിൽ തുപ്പൽ തേക്കാൻ അനുവാദം നൽകി.പന്തിന്റെ തിളക്കം നിലനിർത്തി സ്വിംഗ് ലഭിക്കാനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു വശത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് ക്രിക്കറ്റിലുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇത് ഐ.സി.സി വിലക്കുകയായിരുന്നു. ഐ.പി.എല്ലിലും വിലക്ക് വന്നു. കൊവിഡ് മാറിയെങ്കിലും ഐ.സി.സി വിലക്ക് മാറ്റിയിരുന്നില്ല.
നിരവധി താരങ്ങൾ വിലക്ക് മാറ്റണെന്ന് ആവശ്യപ്പെട്ടിരുന്നു. പന്തിൽ തുപ്പൽ തേക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്ന ആദ്യത്തെ പ്രധാന ടൂർണമെന്റാണ് ഐ.പി.എൽ. അതുപോലെ രാത്രിയിലെ മത്സരങ്ങളിൽ രണ്ടാം ഇന്നിംഗ്‌സിൽ രണ്ട് പന്തുകൾ ഉപയോഗിക്കാനും തീരുമാനമായി. പത്ത് ഓവറിന് ശേഷമാകും രണ്ടാം പന്ത് ഉപയോഗിക്കുക. മഞ്ഞ് വീഴ്‌ചയുള്ള സാഹചര്യങ്ങളിൽ ബൗളർമാർക്ക് പന്തിൽ കൂടുതൽ ഗ്രിപ്പ് കിട്ടാൻ സഹായമാകും ഈ തീരുമാനം.
ക്യാപ്ടൻമാർ
കൊൽക്കത്ത -അജിങ്ക്യ രഹാനെ
രാജസ്ഥാൻ- സഞ്ജു സാംസൺ
ചെന്നൈ -റുതുരാജ് ഗെയ്‌ക്‌വാദ്
മുംബയ്- ഹാർദിക് പാണ്ഡ്യ
ഹൈദരാബാദ് - പാറ്റ് കമ്മിൻസ്
പഞ്ചാബ് - ശ്രേയസ് അയ്യർ
ലക്‌നൗ- റിഷഭ് പന്ത്
ഡൽഹി-അക്ഷർ പട്ടേൽ
ഗുജറാത്ത് - ശുഭ്‌മാൻ ഗിൽ
ആർ.സി.ബി- രജത് പട്ടീദാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |