ബംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ളീം വിഭാഗങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ നിയമസഭയിൽ പാസാക്കി കർണാടക സർക്കാർ. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഇതെന്നും നിയമപരമായി ബില്ലിനെ നേരിടുമെന്നും പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. ഒരു മന്ത്രിക്കെതിരായി ഹണി ട്രാപ് ശ്രമം പരാജയപ്പെടുത്തി എന്ന മന്ത്രി സതീഷ് ജാർകിഹോളിയുടെ വെളിപ്പെടുത്തലിൽ ബഹളം നടക്കുന്നതിനിടെയാണ് സഭയിൽ മുസ്‌ളിങ്ങൾക്ക് നാല് ശതമാനം സംവരണ ബിൽ പാസാക്കിയത്.
ബില്ലിനെതിരെ ബിജെപി എംഎൽഎമാർ ഒന്നടക്കം സഭയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച അവർ സ്‌പീക്കറുടെ ഇരിപ്പിടത്തിൽ കയറി ബഹളമുണ്ടാക്കി. ബിൽ കീറിയ ബിജെപി എംഎൽഎമാർ അത് സ്‌പീക്കർക്ക് നേരെ എറിഞ്ഞു.'ഹണിട്രാപ് അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ളീങ്ങൾക്ക് നാല് ശതമാനം സംവരണം കൊടുക്കുന്ന തിരക്കിലായിരുന്നു. ഈ സമയം ഭരണപക്ഷ എംഎൽഎമാർ ഞങ്ങളുടെ നേരെയാണ് പുസ്‌തകവും കടലാസും വലിച്ചെറിഞ്ഞത്. ഞങ്ങൾ ആർക്കും ദോഷം വരുത്തിയിട്ടില്ല.' ബിജെപി എംഎൽഎ ഭരത് ഷെട്ടി ആരോപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമൂഹിക നീതിയും സാമ്പത്തിക അവസരങ്ങളും ലഭ്യമാക്കുന്നതിനുള്ള ധീരമായ നടപടിയാണ് ബിൽ എന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ സർക്കാരിന്റേത് രാഷ്‌ട്രീയ പ്രീണനം മാത്രമാണെന്ന് ബിജെപി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |