പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനാകുന്ന ചിത്രം 'എമ്പുരാൻ' റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കാർഡുകൾ സൃഷ്‌ടിച്ച് മുന്നേറുകയാണ്. ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21ന് രാവിലെ ഒമ്പത് മണിക്കാണ് ആരംഭിച്ചത്.
ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 6,45,000 ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിച്ചത്. ഇത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. 24 മണിക്കൂറിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോകുന്നത് ഇതാദ്യമായാണ്.
ഇന്ത്യൻ സിനിമയിലെ പല ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളുടെയും റെക്കാർഡാണ് എമ്പുരാൻ ഭേദിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റ ചിത്രം ഇന്നലെ റെക്കാർഡ് സൃഷ്‌ടിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണിത്. മാർച്ച് 27ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതലാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |