കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഉത്പാദനം ഇടിച്ചതോടെ കേരളത്തിലെ പ്രധാന കാർഷിക ഉത്‌പന്നങ്ങളുടെ വില കുതിക്കുന്നു. റബർ വില കിലോയ്ക്ക് 200 രൂപ കടന്നപ്പോൾ കുരുമുളകിന് കിലോയ്ക്ക് 23 രൂപ വർദ്ധിച്ചു.
ആർ.എസ്.എസ് ഫോറിന് റബർ ബോർഡ് വില 202രൂപയിലെത്തി. അന്താരാഷ്ട്ര വില 207 രൂപയാണ്. നേരത്തേ 30-40 രൂപയുടെ വ്യത്യാസം ആഭ്യന്തര, അന്താരാഷ്ട്ര വിലകളിലുണ്ടായിരുന്നു. നടപ്പുവാരം ആഭ്യന്തര വില രാജ്യാന്തര വിപണിയേക്കാൾ കൂടുമെന്നാണ് വിലയിരുത്തുന്നത്.
റബർ ബോർഡ് വില ഒരു കിലോ റബറിന് 202 രൂപയിലധികമാണെങ്കിലും നിലവാരമില്ലെന്ന് ആരോപിച്ച് അതിലും താഴ്ത്തിയാണ് വിൽപ്പനക്കാർ ചരക്ക് എടുക്കുന്നത്. ബോർഡ്, വ്യാപാരി വിലകൾ തമ്മിലുള്ള അന്തരം അഞ്ചിൽ നിന്ന് എട്ട് രൂപയായി ഉയർന്നതിന്റെ ഗുണം വൻകിടക്കാർക്ക് ലഭിക്കുന്നത്. കിലോയ്ക്ക് 200 രൂപ കിട്ടാതെ ചരക്ക് വിൽക്കരുതെന്ന സംഘങ്ങളുടെ നിലപാടാണ് ലഭ്യത കുറയ്ക്കുന്നത്. വ്യാപാരി വിലയിലും പത്തു രൂപ കൂട്ടി ഷീറ്റ് , ഒട്ടുപാൽ വാങ്ങാൻ സംഘങ്ങളെത്തിയതോടെ നിരക്ക് ഉയർത്താൻ വ്യാപാരികൾ നിർബന്ധിതരായി.
രാജ്യാന്തര വില
ചൈന -205 ഡോളർ
ടോക്കിയോ -198 ഡോളർ
ബാങ്കോക്ക്- 205 ഡോളർ
ഉപഭോഗ വർദ്ധനയുടെ കരുത്തിൽ കുരുമുളക്
തമിഴ്നാട്ടിലും കർണാടകയിലും വിളവെടുപ്പ് നീണ്ടതോടെ ഹൈറേഞ്ച് കുരുമുളകിന് ഡിമാൻഡായി. ശ്രീലങ്ക,വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് 2500 ടൺ കുരുമുളക് ഇന്ത്യയിലെത്തി. സത്തു നിർമാതാക്കളും മൂല്യവർദ്ധിത ഉത്പ്പന്നമായി കയറ്റമതി ചെയ്യാൻ ലൈസൻസുള്ള ഏജൻസികളുമാണ് ഇറക്കുമതി മുളക് വാങ്ങിയത്, ഇറക്കുമതിയുടെ പേരിലുള്ള കള്ളക്കളി കണ്ടെത്താൻ ഒരു ശ്രമവും കേന്ദ്ര ഏജൻസികൾ നടത്തുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.
ഒരു ടണ്ണിന് 8250 ഡോളർ നിരക്കിലാണ് ഇന്ത്യ കയറ്റുമതി നടത്തുന്നത്. ശ്രീലങ്ക -7400 ഡോളർ , വിയറ്റ്നാം - 7375 ഡോളർ, ബ്രസീൽ -7300 ഡോളർ , ഇന്തോനേഷ്യ- 8000 ഡോളർ എന്നിങ്ങനെയാണ് കയറ്റുമതി നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |