തിരുവനന്തപുരം: മതവും വിശ്വാസവും മാറുന്നത് ദരിദ്രരുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങളെ മാറ്റുന്നില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതി ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മാറിയാൽ മാത്രമേ സാമൂഹികമായ പുരോഗതി കൈവരിക്കാനാകൂ. അതു മാറാത്തതു കൊണ്ടാണ് ഇന്ത്യയിൽ ദളിത് വിഭാഗങ്ങളുടെ സാമൂഹ്യപുരോഗതി ഇനിയും അകലെയായിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യരിലൊരാളായിരുന്നു ഡോ.അംബേദ്കർ. അംബേദ്കറുടെ ജയന്തി ഇന്ത്യയിൽ ദളിത് വിഭാഗങ്ങൾ മാത്രമാണ് ആഘോഷിക്കുന്നത്. അത് എല്ലാ ഇന്ത്യക്കാരും ആഘോഷിക്കണം. അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും അദ്ദേഹത്തെ ഭാരതരത്നത്തിനപ്പുറം വിശ്വരത്നത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും ഗവർണർ പറഞ്ഞു.
ഗാന്ധിഗ്രാമത്തെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പുസ്തകം ഗവർണർ പ്രകാശനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പിയേയും പദ്മശ്രീ അവാർഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെയും ചടങ്ങിൽ ആദരിച്ചു. രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. ജിഗ്‌നേഷ് മേവാനി എം.എൽ.എ, ജെ.സുധാകരൻ, എം.ആർ.തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു.
'ദളിത് സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കണം'
ഇന്ത്യയിലെ ദളിതർ മാനസിക അടിമത്തത്തിൽ നിന്ന് മോചിതരാകേണ്ടതുണ്ടെന്ന് ഡോ.ബി.ആർ. അംബേദ്കറുടെ ചെറുമകനും ദളിത് മൂവ്‌മെന്റ് നേതാവുമായ പ്രകാശ് അംബേദ്കർ. ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രത്യേക ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തണം. 95 ശതമാനം ലോണും അഞ്ചു ശതമാനം സെക്യൂരിറ്റിയും എന്നാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദളിത് എന്ന പദം അടിച്ചമർത്തപ്പെട്ടവരെ ഒന്നിപ്പിക്കുന്ന ഒന്നാണെന്നും അല്ലാതെ അത് അവജ്ഞാപൂർണമായ ഒന്നാണെന്ന് ചിന്തിക്കരുതെന്നും തിരുമാവളവൻ എം.പി പറഞ്ഞു. ദളിത് ആദിവാസി സമൂഹം നേരിട്ട ക്രൂരതകളെല്ലാം ഒരുമിച്ചു നിന്ന് അതിജീവിച്ചുവെന്ന് തെലങ്കാന മന്ത്രി ദൻസരി അനസൂയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |