ചെന്നൈ: ഐപിഎൽ 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബയുടെ ഇംപാക്‌ട് പ്ളെയറായി എത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. നാല് ഓവറിൽ 32 റൺസ് വഴങ്ങി വിഘ്‌നേഷ് നേടിയത് മൂന്ന് വിക്കറ്റുകളാണ്. അതും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ,ദീപക് ഹൂഡ എന്നിവരുടെ നിർണായക വിക്കറ്റുകൾ. മത്സരത്തിൽ മുംബയ് ഇന്ത്യൻസ് തോറ്റെങ്കിലും വിഘ്നേഷ് സാക്ഷാൽ ധോണിയുടെ പ്രശംസ വരെ ഏറ്റുവാങ്ങി.
മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ വിഘ്‌നേഷിന് നേരെ ധോണി നടന്നെത്തി.പിന്നീട് വിഘ്‌നേഷിന്റെ തോളിൽതട്ടി അഭിനന്ദിക്കുകയും സംസാരിക്കുകയും ചെയ്‌തു. ധോണിയിൽ നിന്ന് അഭിനന്ദനം ലഭിച്ചതിന്റെ സന്തോഷം 24കാരന്റെ മുഖത്ത് കാണാമായിരുന്നു. ഇതിന്റെ വീഡിയോ വളരെവേഗം വൈറലായി. കമന്ററി ബോക്‌സിലുള്ള മുൻ ഇന്ത്യൻതാരവും കോച്ചുമായിരുന്ന രവി ശാസ്‌ത്രിയും ഈ നിമിഷത്തെ പുകഴ്‌ത്തി.
ഇടംകൈ റിസ്‌റ്റ് സ്‌പിന്നറാണ് വിഘ്‌നേഷ് പുത്തൂർ. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് വിഘ്‌നേഷ്. ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചു. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷിനെ മുംബയ് ടീമിലെത്തിച്ചത്. കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ടിംഗ് കോച്ചാണ് ട്രയൽസിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയൽസിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്‌നേഷ് കേരള കൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |