#അപകടത്തിലെന്ന് പ്രതിപക്ഷം
#താഴ്‌ത്തിക്കെട്ടാൻ ശ്രമമെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അപകടകരമായ അവസ്ഥയിലാണെന്നും പകര്‍ച്ച വ്യാധികൾ സംസ്ഥാനത്ത് പിടി മുറുക്കുകയാണെന്നും പ്രതിപക്ഷം. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് ആരോഗ്യമേഖലയെ താഴ്‌ത്തിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. മരുന്നുക്ഷാമവും ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കേരളം അപൂർവ രോഗങ്ങളുടെ തലസ്ഥാനമായി മാറുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു. നിർമാർജ്ജനം ചെയ്ത രോഗങ്ങൾ പൂർവാധികം ശക്തിയോടെ തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, പൊതുജനാരോഗ്യമേഖലയിൽ കേരളം മികച്ച സംസ്ഥാനമാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. 8967 തസ്തികകൾ സൃഷ്ടിച്ചു. 1870ആശുപത്രികളിൽ ഒരിടത്തും മരുന്നു ക്ഷാമമില്ല. 853 അവശ്യമരുന്നുകൾക്കായി. ഇക്കൊല്ലം 604കോടി ചെലവഴിച്ചു. കാരുണ്യ ഇൻഷ്വറൻസിനായി 678 കോടി നീക്കിവച്ചു. ഗുണമേന്മയ്ക്കുള്ള അവാർഡ് കേന്ദ്ര സർക്കാർ ചൊരിയുമ്പോൾ പ്രതിപക്ഷം അതൊക്കെ തമസ്കരിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് ഐസിയുവിലാക്കിയ കേരളത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് എൽഡിഎഫ് സർക്കാരാണ്. പ്രതിപക്ഷത്തിന് അധികാരം കണ്ടുള്ള പനിയാണെന്നും അതിന് തത്കാലം മരുന്നില്ലെന്നും രാജേഷ് പരിഹസിച്ചു.
പഴങ്കഥയെന്ന്
സതീശൻ
ആരോഗ്യമേഖലയെക്കുറിച്ച് സർക്കാർ പറയുന്നതെല്ലാം വർഷങ്ങൾക്ക് മുമ്പേ നേടിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു. പകർച്ച വ്യാധികൾ തടയുന്നതിനായി അനുവദിച്ച തുകയിൽ 26 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളൂ. ആരോഗ്യ വകുപ്പിന്റെ 300 കോടിയുടെ പദ്ധതി ധനവകുപ്പ് വെട്ടിക്കുറച്ചു. മരുന്ന് വാങ്ങിയതിന് 800 കോടി നൽകാനുണ്ട്. മരുന്നുവാങ്ങാൻ 1014 കോടി വേണ്ടിടത്ത് ബഡ്ജറ്റിലുള്ളത് 356കോടിയാണ്. മരുന്നു വിതരണം താളം തെറ്റി. . മരുന്ന് സംഭരണത്തിന് ഇതുവരെ ഓർഡർ നൽകിയിട്ടില്ല. കാരുണ്യ ഇൻഷ്വറൻസിൽ സ്വകാര്യ ആശുപത്രികൾക്ക് 1200കോടിയും സ്വകാര്യാശുപത്രികൾക്ക് 350കോടിയും നൽകാനുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം പേർ കൊവിഡ് മൂലം മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം മരണനിരക്കിന്റെ ഡേറ്റശേഖരിച്ച് മരണ കാരണം കണ്ടെത്തിയില്ലെങ്കിൽ അതപകടകരമാകുമെന്നും വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |