കോഴിക്കോട്: മലബാറിലെ പ്രവാസികൾക്ക് ഏറെ അനുഗ്രഹമായ ഒരു വിദേശ വിമാന സർവീസ് കൂടി കരിപ്പൂർ വിടുന്നു. കോഴിക്കോട്ട് നിന്ന് ബഹ്‌റൈൻ, ദോഹ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ഗൾഫ് എയറിന്റെ സർവീസാണ് അവസാനിപ്പിക്കുന്നത്. ഈ മാസം 31ന് ആണ് അവസാന സർവീസ്. ഇതോടെ ഏഴ് വർഷത്തോളം നീണ്ടു നിന്ന ഒരു സർവീസാണ് കരിപ്പൂർ വിടുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി സർവീസ് പിൻവലിക്കൽ ആരംഭിച്ചത് എയർ ഇന്ത്യയാണ്. ഇപ്പോൾ കരിപ്പൂർ വിടുന്ന മൂന്നാമത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഗൾഫ് എയർ. സർവീസ് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് നിന്ന് സർവീസ് പിൻവലിക്കുന്നതെന്നാണ് ഗൾഫ് എയർ വ്യക്തമാക്കുന്നത്. എന്നാൽ ലാഭത്തിൽ പ്രവർത്തിച്ച ഒരു സർവീസ് എന്തിനാണ് അവസാനിപ്പിക്കുന്നതെന്ന ചോദ്യമാണ് യാത്രക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഗൾഫ് എയറിന്റെ പുതിയ തീരുമാനം പ്രവാസികൾക്ക് ശരിക്കുമുള്ള ഇരുട്ടടിയാണ്. മറ്റ് സർവീസുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കും ഭക്ഷണവും കൃത്യതയുള്ള സർവീസും ഗൾഫ് എയറിന്റെ പ്രത്യേകതയായിരുന്നു.
2018 ജൂൺ മാസത്തിലാണ് ഗൾഫ് എയർ കോഴിക്കോട് -ബഹ്‌റൈൻ- ദോഹ സർവീസ് ആരംഭിച്ചത്. അബുദാബി, ദുബായ്, ജിദ്ദ എന്നിവിടങ്ങളിലേക്കും യൂറോപ്പിലേക്കും കണക്ഷൻ സർവീസായാണ് കമ്പനി പ്രവർത്തിച്ചത്. 159 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഈ വിമാനത്തിൽ നിറയെ യാത്രക്കാരുമായാണ് പറന്നത്. നേരത്തെ എയർ ഇന്ത്യ, കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷാർജ, ദുബായ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് സൗദി എയറും കോഴിക്കോട് സർവീസിൽ നിന്ന് പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |