അച്ചാനെയിൽ ആചാരങ്ങളുടെ തനിമയോടെ അഭിഷേകം
ബെയ്റൂട്ട് (ലബനോൻ): ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ആശീർവാദം ഏറ്റുവാങ്ങി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മലങ്കര യാക്കോബായസഭയുടെ കാതോലിക്കയായി അഭിഷിക്തനായി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമൻ ബാവ എന്ന പേരിൽ അദ്ദേഹം അറിയപ്പെടും. ബെയ്റൂട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിൽ പാത്രിയാർക്കീസ് ബാവയുടെ അരമനയിൽ പുതിയതായി നിർമ്മിച്ച സെന്റ് മേരീസ് പള്ളിയിലായിരുന്നു ചടങ്ങുകൾ.
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മുഖ്യ കാർമ്മികത്വം വഹിച്ചു. മലങ്കര യാക്കോബായ സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും ഇതര ക്രൈസ്‌തവസഭ മേധാവികളും കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികളും സാക്ഷികളായി. സഹോദരങ്ങളായ സണ്ണി, ഉമ്മച്ചൻ എന്നിവരും 700ലേറെ മലയാളികളും പങ്കെടുത്തു.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30നാരംഭിച്ച ചടങ്ങുകൾ രണ്ടു മണിക്കൂർ നീണ്ടു.
സന്ധ്യാപ്രാർത്ഥനയ്‌ക്കു ശേഷം പാത്രിയാർക്കീസിനോടും സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിക്കുന്ന 'ശൽമോസ" (പ്രതിജ്ഞ) ചൊല്ലി ഒപ്പിട്ട് പാത്രിയാർക്കീസിന് കൈമാറി. പാത്രിയാർക്കീസ് 'സുസ്ഥാത്തിക്കോൻ" (അധികാരപത്രം) നൽകി. പൂർണ അംശവസ്ത്രങ്ങൾ ധരിച്ച കാതോലിക്കയെ മദ്ബഹയിലേക്ക് മെത്രാപ്പോലീത്തമാർ ആനയിച്ചു. പാത്രിയാർക്കീസ് പ്രാർത്ഥന ചൊല്ലിയശേഷം പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കയെ മെത്രാപ്പോലീത്തമാർ ചേർന്ന് ഉയർത്തി. 'ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമൻ" എന്ന പേര് മുഖ്യകാർമ്മികൻ പ്രഖ്യാപിച്ചു. 'അവൻ യോഗ്യൻ തന്നെ" എന്നർത്ഥമുള്ള 'ഓക്‌സിയോസ്" പാത്രിയാർക്കീസ് ബാവാ ചൊല്ലി. മെത്രാപ്പോലീത്തമാരും വൈദികരും മൂന്നുതവണ ഏറ്റുചൊല്ലി. സിംഹാസനത്തിൽ ഇരുത്തിയശേഷം സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാർമ്മികൻ ശ്രേഷ്ഠ കാതോലിക്കയ്ക്കു കൈമാറി. വിശ്വാസികളെ ശ്രേഷ്ഠ കാതോലിക്ക വണങ്ങിയതോടെ ചടങ്ങുകൾ അവസാനിച്ചു. പൗരാണിക വിശ്വാസങ്ങളും ആചാരങ്ങളും തനിമയോടെ പാലിച്ചായിരുന്നു ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |