തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങാൻ അനുവദിക്കുന്ന നിയമ നിർമ്മാണ ബിൽ നിയമസഭ ഇന്നലെ പാസാക്കി. ചില വ്യവസ്ഥകളിൽ പ്രതിപക്ഷത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും ബില്ലിനെ എതിർത്തില്ല. കെ.കെ രമ മാത്രമാണ് ബിൽ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സ്വകാര്യ സർവകലാശാലകളെ കെട്ടഴിച്ചുവിടില്ലെന്നും കൃത്യമായ നിയന്ത്രണം ഉണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വ്യക്തമാക്കി. സംവരണം അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപ്പെടലുണ്ടാകും. അനുമതി പിൻവലിക്കാനുള്ള അധികാരവും സംസ്ഥാന സർക്കാരിനുണ്ട്. ശബ്ദ വോട്ടോടെയാണ് സഭ ബിൽ അംഗീകരിച്ചത്.
സ്വകാര്യ സർവകലാശാലകൾ ഒന്നിലേറെ ക്യാമ്പസുകളോടെ തുടങ്ങാമെന്ന വ്യവസ്ഥ സർക്കാർ ഒഴിവാക്കിയത് പ്രതിപക്ഷത്തിന് നേട്ടമായി. ഒരേ സമയം, ഒന്നിലേറെ കാംപസുകളോടെ സർവകലാശാല ആരംഭിക്കാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥ. അഞ്ചു വർഷത്തിനു ശേഷം ഓഫ് കാംപസോ ഓഫ്‌ഷോർ കാംപസോ തുടങ്ങാം. പ്രതിപക്ഷം ഉന്നയിച്ച ചട്ടലംഘനം ബോധ്യപ്പെട്ടതോടെ, ഔദ്യോഗിക ഭേദഗതിയിലൂടെ സർക്കാർ പിഴവ് തിരുത്തുകയായിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിന്റെ പദ്ധതിയെന്ന് യു.ഡി.എഫ്
10 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ സർവകലാശാലയുടെ സാധ്യത തേടി കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം സംഘടിപ്പിച്ചിരുന്നു. അന്ന് സി.പി.എം എസ്.എഫ്.ഐയെ ഉപയോഗിച്ച് അലങ്കോലമാക്കുകയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനായിരുന്ന ഡോ. ടി.പി. ശ്രീനിവാസനെ കരണത്തടിക്കുകയും ചെയ്തു. തങ്ങൾ 10 വർഷം മുൻപ് കൊണ്ടു വരാനിരുന്ന കാര്യം അന്നത്തെ പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോൾ കൊണ്ടു വരുന്നു എന്നതു കൊണ്ടുതന്നെ ബില്ലിനോട് പ്രതിപക്ഷത്തിന് തത്വത്തിൽ എതിർപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. പത്ത് വർഷം മുൻപ് ഈ ബില്ല് കൊണ്ടുവരാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ച സമയത്തെ അവസ്ഥയല്ല ഇന്നുള്ളതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
'സ്വകാര്യ സർവകലാശാലകളിൽ സാമൂഹ്യ നീതിയും സർക്കാരിന്റെ നിയന്ത്രണാധികാരവും ഉറപ്പാക്കും. ഏറ്റവും മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകും".
- മന്ത്രി ആർ. ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |