തിരുവനന്തപുരം: കുറുപ്പുനിറം പരാമർശിച്ചുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധത്തിന്റെ തിരമാലയും പ്രതിരോധത്തിന്റെ അഗ്നിയുമായി. രാഷ്ട്രീയ നേതാക്കളും ജനങ്ങളും ഇടപെട്ടതോടെ പ്രശ്നം വൈകാരികത വിട്ട് നിയമനടപടിയിലേക്ക് നീങ്ങേണ്ട നിലയെത്തി. എന്നാൽ, ഇക്കാര്യത്തിൽ ഒരു അന്വേഷണവും വേണ്ടെന്നാണ് തീരുമാനമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു. അത്തരമൊരു നിർദ്ദേശം സർക്കാരിൽ നിന്ന് ലഭിച്ചിട്ടുമില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി വി.ശിവൻകുട്ടി, മുൻമന്ത്രി പി.കെ.ശ്രീമതി, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ, മുൻമന്ത്രിയും എം.പി.യുമായ കെ.രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എം.പി തുടങ്ങി നിരവധി പ്രമുഖർ ചീഫ് സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായെത്തി.
പൊതുമണ്ഡലങ്ങളിലും ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ചർച്ചയായി. കറുത്ത നിറക്കാരിയായിരുന്നു തന്റെ അമ്മ എന്ന് ഓർത്താണ് പ്രതിപക്ഷനേതാവിന്റെ ഐക്യദാർഢ്യമെങ്കിൽ 100%പിന്തുണ നൽകുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ പോസ്റ്റിനു താഴെ പി.കെ.ശ്രീമതി കുറിച്ചു. കോൺഗ്രസ് നേതാവ് കെ.മുരളീധരനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത്തരം ചർച്ചകൾ സമൂഹം ഏറ്റെടുത്താൽ മാത്രമേ നല്ല ചിന്തകൾ ഉയരൂവെന്ന് കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴി നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി കുറിപ്പിട്ടത്. മുൻ ചീഫ് സെക്രട്ടറിയായ ഭർത്താവുമായി താരതമ്യം ചെയ്തായിരുന്നു അധിക്ഷേപമെന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റിൽ,തന്റെ നാലാംവയസിൽ തിരിച്ചു ഗർഭപാത്രത്തിലേക്കെടുത്ത് തന്നെ വെളുത്ത കുട്ടിയായി പ്രസവിക്കാമോയെന്ന് അമ്മയോട് ചോദിച്ചതായും ശാരദ മുരളീധരൻ വേദനയോടെ ഓർക്കുന്നു. ശാരദയുടെ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ എത്തി.
ചീഫ് സെക്രട്ടറി കേരളകൗമുദിയോട് പറഞ്ഞത്
ഏത് പദവിയിലിരുന്നാലും ഞാൻ ശാരദയാണല്ലോ. പൊക്കം കുറഞ്ഞ്, നിറമില്ലാത്ത,സാധാരണപോലെ പെരുമാറുന്ന ഒരാൾ. ആരും പെർഫക്ട് ഒന്നുമല്ലല്ലോ. ഉത്തരവാദിത്വം കൂടുതലുള്ള പദവിയിൽ ഇരിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ചിലകാര്യങ്ങൾക്ക് 'പ്രയോറിറ്റി' നൽകേണ്ടിവരും. അത് എല്ലാവർക്കും അതേപോലെ സ്വീകാര്യമാകണമെന്നില്ല.
നിറം എന്നുപറയുന്നത് തൊലിയിൽ ഒതുങ്ങുന്നതല്ല. പല തലത്തിലും അത് ബാധിക്കുന്നുണ്ട്. സൗന്ദര്യബോധം എന്നത് വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. വ്യക്തിത്വം എന്നത് നമ്മുടെ പ്രവർത്തനത്തെയും ബാധിക്കും.വ്യക്തിത്വംതന്നെ അധിക്ഷേപിക്കപ്പെടുമ്പോൾ അത് ആത്മവിശ്വാസത്തെയും ബാധിക്കും.അഭിപ്രായം സ്ത്രീയുടേതാണെങ്കിൽ പറയുന്നകാര്യം പരിഗണിക്കപ്പെടാൻതന്നെ പ്രയാസമാണ്.കറുപ്പുനിറം കൂടിയായാൽ പറഞ്ഞതത്രയും അദൃശ്യമായിപ്പോകുന്നതുപോലെയാണ്. എന്റെ പ്രതികരണം എന്തെങ്കിലും പുനർവിചിന്തനത്തിന് പ്രേരകമാകുന്നെങ്കിൽ അത് ഗുണമാകുമെന്ന് കരുതുന്നു.
കുറ്റത്തിന്റെ പരിധി
ലിംഗപരമായോ ജാതിപരമായോ ഉള്ള അവഹേളനം മാത്രമാണ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നത്. നിറവിവാദം സാമൂഹ്യപരമായ വിഷയമാണ്. അതിനാൽ അന്വേഷണമോ കേസോ വേണ്ടെന്നാണ് പൊലീസ് തലപ്പത്തെ തീരുമാനം.
കേരളകൗമുദിയുടെ സല്യൂട്ട്
'എല്ലാവരുടെയും പ്രിയപ്പെട്ട നിറമാണ് കറുപ്പ്. ചർമ്മത്തിൽ അത് എത്തുന്നതുവരെ." എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. ആ ചൊല്ലിന്റെ കാലം കഴിഞ്ഞു എന്നാണ് കരുതേണ്ടത്. പക്ഷേ, സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വെളിപ്പെടുത്തിയ കാര്യം ജനാധിപത്യബോധമുള്ളവരെയാകെ ഞെട്ടിക്കുന്നതാണ്. ശാരദ മുരളീധരന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നത്തെ ഒന്നാംപേജ് പരസ്യം ഒഴിച്ച് പൂർണമായി കറുപ്പ് നിറത്തിലാക്കുന്നതായി മാന്യ വായനക്കാരെ അറിയിക്കുന്നു.
-ദീപു രവി, ചീഫ് എഡിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |