കൽപ്പറ്റ: രാജ്യംകണ്ട സമാനതകളില്ലാത്ത ദുരന്ത മുഖത്തുനിന്ന് അതിജീവനത്തിന്റെ ഉൾക്കരുത്തുമായെത്തിയ മുണ്ടക്കൈ, ചൂരൽമല വാസികൾ ഇന്നലെ സങ്കടം ഉള്ളിലൊതുക്കി മനസുകുളിർക്കെ ചിരിച്ചു. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്ന് പുതിയൊരു നാളെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. രണ്ടുഗ്രാമങ്ങളെ ഒന്നായി തീർക്കുന്ന ടൗൺഷിപ്പ് ഉയരും. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ കഴിഞ്ഞ എട്ട് മാസമായി ദുരന്തത്തിന്റെ നടുക്കത്തിനിടയിലും മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നചിന്തയിലായിരുന്നു. പുനരധിവാസം യാഥാർത്ഥ്യമാകുന്നുവെന്ന് കണ്ടതോടെ ദുരന്തബാധിതരിൽ സന്തോഷവും പ്രതീക്ഷയും നാമ്പിട്ടതാണ് ടൗൺഷിപ്പ് ശിലാസ്ഥാപന ചടങ്ങിൽ കാണാനായത്. ശിലാസ്ഥാപനം നടന്ന കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം സജ്ജമാക്കിയ സദസിലേക്ക് ദുരന്തത്തിനിരയായവർ കൂട്ടമായാണ് എത്തിയത്. ദുരന്തത്തിന് ശേഷം വിവിധ ദിക്കുകളിലായി താമസിക്കുന്നവരിൽ പലരും എട്ട് മാസത്തിന് ശേഷമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. പുനരധിവാസം സംബന്ധിച്ച തീരുമാനങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യഘട്ടമായ തറക്കല്ലിടിൽ നടക്കുമെന്ന് കണ്ടതോടെയാണ് ദുരന്തബാധിതരിൽ സന്തോഷം പ്രകടമായത്.
മുഹൂർത്തം തെറ്റിക്കാതെ
മുഖ്യമന്ത്രിയെത്തി
കൽപ്പറ്റ: ശിലാസ്ഥാപന കർമ്മം നടക്കേണ്ട 4 മണിക്ക് മുന്നേ വേദിയിലെത്തി മുഖ്യമന്ത്രി. കൃത്യം 3 .59ന് മുഖ്യമന്ത്രി വേദിക്കരികിലെത്തി. വേദിയിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. യോഗ അദ്ധ്യക്ഷനായ റവന്യൂ മന്ത്രിയുടെ നേരെ മുഖ്യമന്ത്രിയുടെ നോട്ടം, കാര്യം മനസിലായ മന്ത്രി ഒരു മിനിറ്റ് പോലും വൈകാതെ കൃത്യം 4 മണിക്ക് തന്നെ യോഗം തുടങ്ങി. പ്രതികൂല സാഹചര്യമായിരുന്നിട്ട് പോലും നാടിന്റെ ഒരുമയും ഐക്യവും കരുത്തുമാണ് പുനരധിവാസ പ്രക്രിയ ഇത്രയും പെട്ടെന്ന് തുടക്കം കുറിക്കാൻ കഴിഞ്ഞതെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ജനങ്ങൾ ഒപ്പം നിൽക്കുകയാണെങ്കിൽ ഒന്നും അസാധ്യമായിട്ടില്ല എല്ലാം നാം നേടും. ചെയ്യാൻ കഴിയുന്ന കാര്യമേ പറയൂ. അത് ചെയ്തിരിക്കുകയും ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി 100 വീട് നൽകും
കൽപ്പറ്റ: ദുരന്ത ബാധിതർക്ക് രാഹുൽ ഗാന്ധി എം.പി നൂറ് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരന്ത ബാധിതർക്ക് വീട് നിർമ്മിച്ച് നൽകാൻ 25 കോടി രൂപ നൽകാമെന്ന് പറഞ്ഞത് രാഹുൽ ഗാന്ധി പറഞ്ഞിട്ടാണെന്നും പ്രതിപക്ഷ നേതാൈവ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ വീട് നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞതായും ഇന്നലെ കർണാടക മുഖ്യമന്ത്രി തന്നെ വിളിച്ച് വീട് നിർമ്മാണത്തിന് 25 കോടി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി പ്രസംഗ മദ്ധ്യേ പറഞ്ഞപ്പോഴാണ് തുടർന്ന് സംസാരിച്ച വി.ഡി സതീശൻ രാഹുൽ ചെയ്ത കാര്യങ്ങൾ പറഞ്ഞത്. സർക്കാരിന്റെ പുനരധിവസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണ പിന്തുണയാണ് നൽകിയത്. പുനരധിവാസവുമായി ബന്ധപ്പെട്ട ചില തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചത് സർക്കാരിന്റെ പുനരധിവാസത്തെ അട്ടിമറിക്കാനല്ല പുനരധിവാസം നന്നായി പോകുന്നതിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എല്ലാവരുടെയും സഹകരണമുണ്ടാവണം: മന്ത്രി ഒ.ആർ കേളു
കൽപ്പറ്റ: മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ തയ്യാറാക്കുന്ന ടൗൺഷിപ്പ് പൂർത്തീകരണത്തിന് എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന് പട്ടികജാതി- വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു. ദുരന്തദിനത്തെ ഓർമകൾ തീരാ നേവാണ്. അതിജീവിതത്തിനായി തുടക്കം മുതൽ അവസാനം വരെ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങൾക്ക് എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിശ്ചയദാർഢ്യത്തിന്റെ മാതൃക: മന്ത്രി കടന്നപ്പള്ളി
എട്ട് മാസങ്ങൾക്കകം തുടക്കമാവുന്ന ടൗൺഷിപ്പ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ മാതൃകയാണെന്ന് രജിസ്‌ട്രേഷൻ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ദുരന്തത്തിൽ തകർന്ന പ്രദേശം പുനർ നിർമ്മിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഐക്യത്തിന്റെ സന്ദേശം : മന്ത്രി റിയാസ്
വയനാട് ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ജൂലായ് 30 ന് മുണ്ടക്കൈചൂരൽമലയിലുണ്ടായ ഉരുൾ ദുരന്തത്തിൽ സേനാംഗങ്ങൾ എത്തും മുമ്പെ വേദനകൾ കടിച്ചമർത്തി രക്ഷാപ്രവർത്തനം നടത്തിയ മനുഷ്യരെ ഓർക്കേണ്ടത് അനിവാര്യമാണ്. ടൗൺഷിപ്പിന്റെ സമയബന്ധിതമായ പൂർത്തീകരണത്തിന് ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പുനരധിവാസത്തിന് പൂർണ പിന്തുണ: വി.ഡി സതീശൻ
ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടൗൺഷിപ് നിർമാണം ഒരുമിച്ചു നിന്ന് പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവർക്ക് ജീവിതോപാധികൾ ഉറപ്പ് വരുത്തണം. പരിക്കേറ്റവർക്ക് ചികിൽസ ലഭ്യമാക്കണം. വാടക വീടുകളിൽ കഴിയുന്നവർക്ക് വാടകയും പ്രതിദിനം 300 രൂപയും നൽകുന്നത് തുടരണം. കേന്ദ്രത്തിൽ നിന്ന് വലിയ സഹായമാണ് നമ്മൾ പ്രതീക്ഷിച്ചത്. കേന്ദ്ര സഹായം ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണ്. കർണ്ണാടക സർക്കാർ 20 കോടി രൂപ സഹായം നൽകിയതിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.
മനുഷ്യത്വത്തിന്റെ മഹാ മാതൃക : പ്രിയങ്കഗാന്ധി
മനുഷ്യത്വത്തിന്റെ ശക്തിയും മഹത്വവുമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേരളം ഉയർത്തിപ്പിടിച്ചതെന്ന് പ്രിയങ്കഗാന്ധി എം.പി. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന ആദ്യത്തെയും അതിപ്രധാനവുമായ ചുവടുവെപ്പാണ് ടൗൺഷിപ്പ് നിർമ്മാണം. ഏല്ലാവരും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചതിനാൽ കേന്ദ്രത്തെ കൊണ്ട് അതിതീവ്ര ദുരന്തമായി അംഗീകരിപ്പിക്കാൻ സാധിച്ചു. എന്നാൽ ഫണ്ട് ഇതുവരെ ലഭ്യമായില്ല. ദുരന്തബാധിതരുടെ ജീവിതം പുനർനിർമ്മിക്കുന്ന പ്രക്രിയയിൽ രാജ്യം മുഴുവൻ ഒപ്പമുണ്ടാവുമെന്നും എം.പി പറഞ്ഞു.
#
ദുരന്ത ബാധിതരെ സഹായിക്കാൻ മുന്നോട്ട് വരണം: കുഞ്ഞാലിക്കുട്ടി
ദുരന്തമുണ്ടായത് മുതൽ എല്ലാവരും അവരവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. പുനരധിവാസത്തിനും ഈ കൂട്ടായ പ്രയത്നവും സഹായവുമുണ്ടാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാറിന്റെ പുനരധിവാസ പ്രവർത്തനങ്ങളുമായി സഹകരിക്കും. ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിനായി 100 വീടുകൾ മുസ്ലിം ലീഗ് നിർമ്മിച്ച് നൽകും. ഇതിന്റെ തറക്കല്ലിടൽ ഏപ്രിൽ 9 ന് നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിച്ചവർക്കായി പ്രവർത്തിക്കണം: ടി.സിദ്ധീഖ് എം.എൽ.എ
ദുരന്തത്തെ അതിജീവിച്ചവരെ ചേർത്ത് നിർത്തി അവർക്കായി പ്രവർത്തിക്കണമെന്ന് ടി.സിദ്ധീഖ് എം.എൽ.എ പറഞ്ഞു. അതി തീവ്ര ദുരന്ത മായി പ്രഖ്യാപിക്കാൻ കേന്ദ്രം നാല് മാസം എടുത്തു. കേന്ദ്ര സഹായം ഉപാധികളോടെയാണ് നൽകിയത്. ദുരന്തബാധിതരോടുള്ള ഈ അവഗണന അംഗീകരിക്കാനാവില്ല. ഒറ്റക്കെട്ടായി പ്രവർത്തിച്ച് പുനരധിവാസം സാധ്യമാക്കണം. ഇതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |