കൊല്ലം: ലഹരിവസ്‌തുക്കളുടെ വ്യാപനം കൂടുമ്പോഴും വാഹനം ഇല്ലാതെ നെട്ടോട്ടമോടി എക്‌സൈസ്. ജില്ലയിൽ ലഹരി വസ്തുക്കൾ വ്യാപകമാവുകയും നിരന്തരം റെയ്ഡുകൾ വേണ്ടിവരികയും ചെയ്യുമ്പോഴാണ് വാഹനമില്ലാതെ എക്സൈസ് അധികൃതർ ബുദ്ധിമുട്ടുന്നത്. കൊല്ലം, അഞ്ചൽ റേഞ്ചുകളിലെ ജീപ്പുകളുടെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. 15 വർഷം പൂർത്തിയായ ഈ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങളെത്തണം. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതേ ഉള്ളൂ. ചെക്ക് പോസ്റ്റിലും നിലവിൽ ജീപ്പ് ഇല്ല. ഒരു ബൈക്ക് മാത്രമാണ് ഉള്ളത്.
ജില്ലയിൽ ബൈക്ക്, സ്കൂട്ടർ, കാർ, ജീപ്പ് തുടങ്ങി ആകെ 46 വാഹനങ്ങളാണ് എക്‌സൈസ് വകുപ്പിന് കീഴിലുള്ളത്. ഇവയിൽ 15 വർഷത്തിന് അടുത്ത് കാലപ്പഴക്കമുള്ള വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഓടിക്കാൻ ഡ്രൈവർ ചുരുക്കം
സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരാണ് 'ഡ്രൈവർമാരായി' പകരം സേവനമനുഷ്ഠിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതാണ് കാരണം. ഡ്രൈവർമാരുടെ കുറവ് ലഹരിക്കേസുകളിലെ പരിശോധനയെ സാരമായി ബാധിക്കുന്നുമുണ്ട്. കൂടുതൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കുകയോ എക്‌സൈസ് വകുപ്പിലുള്ള വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവർമാരെ നിയമിക്കുകയോ വേണമെന്നാണ് ആവശ്യം
റേഞ്ച് ഓഫീസുകൾ - 09
വാഹനങ്ങൾ - 7 (ജീപ്പ്)
ബൈക്ക് - 9
സ്കൂട്ടർ - 9
സർക്കിൾ ഓഫീസുകൾ - 06
വാഹനങ്ങൾ - 6 (ജീപ്പ്)
ബൈക്ക് - 6
സ്ട്രൈക്കിംഗ് ഫോഴ്സ് - 03 വാഹനങ്ങൾ
സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസ് - 01
ബൈക്ക് -1
സ്കൂട്ടർ-1
ഇന്റലിജൻസ്
വാഹനങ്ങൾ-1 (കാർ)
ചെക്ക് പോസ്റ്റുകൾ - 02
ബൈക്ക് -1
(ആര്യങ്കാവ്, അച്ചൻകോവിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |