SignIn
Kerala Kaumudi Online
Sunday, 06 July 2025 11.45 PM IST

കറുപ്പിനഴകും ഇ.ഡിയുടെ മറിമായവും

Increase Font Size Decrease Font Size Print Page
s

കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ... കാർവർണൻ എന്റെ കാർവർണൻ...! രാധയുടെ യദുകുല രതിദേവനും ഗോപികമാരുടെ കളിത്തോഴനുമായ കണ്ണന്റെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ഏറ്റവും കൂടുതൽ കാമുകിമാരുടെ പ്രേമഭാജനമായ അവതാര പുരുഷനും ശ്രീകൃഷ്ണൻ തന്നെ. കറുപ്പിന് ഏഴഴക് എന്നാണ് കവി വാക്യം. എന്നിട്ടും,

'എന്റെ നിറം കറുപ്പാണ്; അതിൽ ഞാൻ അഭിമാനിക്കുന്നു" എന്ന് സംസ്ഥാന ചീഫ് സെക്രട്ടറി

ശാരദാ മുരളീധരന് പറയേണ്ടി വരുന്നു!

കേരം തിങ്ങും കേരളം കറുത്ത നിറമുള്ള കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കില്ലെന്ന് ശപഥം ചെയ്യുന്ന കലാമണ്ഡലം സത്യാഭാമമാരുടെയും നാടാണ് കേരളം. നിറം കറുപ്പായതിന്റെ പേരിൽ കലാരംഗത്ത് ഉൾപ്പെടെ അവഗണനയും അപമാനവും സഹിക്കേണ്ടിവരുന്ന എത്രയോ പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ, മലയാള

സിനിമയിലെ എക്കാലത്തെയും അഭിനയ സമ്രാട്ടായ സത്യന്റെയും, തമിഴ് സിനിമയിലെ ആക്ഷൻ ഹീറോ തലൈവർ രജനികാന്തിന്റെയും, യുവജനങ്ങളുടെ ഹരമായ ഇളയ ദളപതി വിജയുടെയും, അന്തരിച്ച അതുല്യ നടൻ ക്യാപ്ടൻ

വിജയകാന്തിന്റെയും നിറവും കറുപ്പ് തന്നെ!

പക്ഷേ, വിവാഹ കമ്പോളങ്ങളിൽ തീവിലയുള്ള പൊന്നണിഞ്ഞാലും കറുത്ത പെണ്ണിന് മാർക്കറ്റ് കുറവാണ്. തൊലിയുടെ നിറത്തിന്റെ പേരിൽ മറ്റൊരാളെ അപമാനിക്കുകയും അവഹേളിക്കുകയുമൊക്കെ ചെയ്യുന്ന ഇടുങ്ങിയ മനസുള്ളവർ കൂടി വരുന്നത് പ്രബുദ്ധ കേരളത്തിന് അപമാമല്ലേ?കറുത്ത നിറമുള്ള ചീഫ് സെക്രട്ടറി ശാരദയുടെ ഭരണരീതി കറുപ്പും, വെളുത്ത നിറമുള്ള അവരുടെ ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണുവിന്റെ ഭരണരീതി വെളുപ്പുമായി വേ‌ർതിരിച്ചു കാണാൻ മാത്രമല്ല, അത് ശാരദയുടെ മുഖത്തു നോക്കി പറയാനും ലജ്ജ തോന്നത്ത ഉന്നത ഉദ്യോഗസ്ഥൻ ആരായാലും അയാളുടെ മനസ് എത്ര മാത്രം സങ്കുചിതമാണെന്ന് ഓർക്കുക.

നിറത്തിന്റെ പേരിൽ തനിക്കേറ്റ അപമാനവും വേദനയും തുറന്നു പറയാനും, തന്റെ നിറം കറുപ്പായതിൽ അഭിമാനിക്കാനും ശാരദാ മുരളീധരൻ കാട്ടിയ ആർജ്ജവം ആഭിനന്ദനീയം. അപമാനിച്ചയാളുടെ പേര് വെളിപ്പെടുത്താത്തത് അവരുടെ മനസിന്റെ വലിപ്പവും. ജാതിയുടെയും നിറത്തിന്റെയും പേരിൽ ജീവിതത്തിലുടനീളം നിന്ദയും പരിഹാസവും ഏറ്റുവാങ്ങേണ്ടി വരുന്ന പലരും അത് തുറന്നുപറയുന്നതിൽ ശാരദയുടെ ആർജ്ജവം കാട്ടാൻ ധൈര്യമില്ലാതെ നിസഹായരായി അപമാനം സഹിച്ച് ജീവിക്കുന്നു. ഉദ്യോഗ തലങ്ങളിൽ, കഴിവും ബുദ്ധിസാമർത്ഥ്യവും കൊണ്ട് ഉയർന്ന കസേരകളിൽ എത്തിച്ചേരുന്ന അവർണർ പലരും സഹിക്കണ്ടി വരുന്ന പീഡനങ്ങളും വിവേചനങ്ങളും ചില്ലറയല്ല.

കറുത്ത നിറവും വെളുത്ത മനസുമുള്ളവരെ അപേക്ഷിച്ച് എത്ര മാത്രം അപരിഷ്കൃതരും അകറ്റി നിറുത്തപ്പെടേണ്ടവരുമാണ് തൊലിവെളുപ്പും ഇരുണ്ട മസസുമായി ജീവിക്കുന്നവർ! തന്റെ നിറത്തെക്കുറിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കിയത് തന്റെ അനുഭവങ്ങളാണെന്ന് ഏറ്റു പറയുന്ന ശാരദ, അതു മാറ്റിയത് തന്റെ മക്കളാണെന്നു കൂടി പറയുമ്പോൾ, ഭർത്താവ് ഡോ. വേണു അവരെ കരുതലോടെ, സ്നേഹത്തോടെ ചേർത്തു പിടിക്കുമ്പോൾ ഉയരുന്നത് ആ കുടുംബത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അന്തസും അഭിമാന ബോധവുമാണ്.

'കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തി. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു," സ്വന്തം മക്കളിൽ ആ അമ്മ അഭിമാനം കൊള്ളുന്നു. മനുഷ്യനെ നിറംകൊണ്ട് അളക്കുന്നവർ ഇതു കേട്ട് സ്വയം ചെറുതാവുകയല്ലേ?​

 

സെക്രട്ടേറിയറ്റ് പടിക്കൽ ആശമാർ കഴിഞ്ഞ ഒന്നര മാസമായി നടത്തിവരുന്ന സമരം മുഖ്യമന്ത്രി വിചാരിച്ചാൽ പത്തു മിനിട്ട് കൊണ്ട് തീർക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പക്ഷേ, എസ്.യു.സി.ഐക്കാരും, എസ്.ഡി.പി.ഐക്കാരും നേതൃത്വം നൽകുന്നതായി സി.പി.എം ആരോപിക്കുന്ന സമരം തീർക്കാൻ മുഖ്യമന്ത്രി എങ്ങനെ ഇടപെടും?സമരത്തിനു പിന്നിൽ മഴവിൽ സഖ്യമാണെന്നാണ് ഗോവിന്ദൻ മാഷിന്റെ ആരോപണം. അപ്പോൾ, സമരത്തിനു പിന്നിൽ വേറെയും അട്ടിമറിക്കാർ ഉണ്ടെന്നർത്ഥം. സർക്കാർ ഇടപെട്ട് സമരം തീർത്താൽ അതിന്റെ ക്രെഡിറ്റ് 'ലവന്മാർ" അടിച്ചുകൊണ്ടു പോവില്ലേ? അപ്പോൾപ്പിന്നെ സി.ഐ.ടി.യുക്കാർ പിണങ്ങില്ലേ?

ആശമാർക്ക് ഓണറേറിയം കൂട്ടിക്കൊടുക്കുന്നതിന് സർക്കാർ എതിരല്ല. പക്ഷേ, ആദ്യം മോദി സർക്കാർ ഇൻസെന്റീവ് കൂട്ടട്ടെ. അതിൽ 60 ശതമാനം തുകയും നൽകേണ്ടത് അവരല്ലേ. ബാക്കി 40 ശതമാനം പണം നൽകുന്ന കാര്യം അപ്പോൾ പാർക്കലാം! വാശിയിൽ ആശമാരും പിന്നിലല്ല. പക്ഷേ,ആശമാർക്ക് വലിയൊരു അബദ്ധം പറ്റി. സമരം ഒത്തുതീർക്കാൻ ആശമാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തൊഴിൽ മന്ത്രി കൂടിയായ വി. ശിവൻ കുട്ടി പറയുന്നത്. എങ്കിൽ അഞ്ചുമിനിട്ട് കൊണ്ട് കാര്യം നടന്നേനെ. വെയിലുംമഴയുമേറ്റും പട്ടിണി കിടന്നും വെറുതെ ഒന്നര മാസം വേസ്റ്റ് ആക്കി! ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് തൊഴിൽ നിയമങ്ങൾ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് താൻ കേന്ദ്രത്തിന് കത്തെഴുതിയ കാര്യം ഈ ആശമാർ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. സെക്രട്ടേറിയറ്റിനു മുന്നിലൂടെ കാറിൽ പോകുമ്പോൾ, അവിടെ ഇറങ്ങി സമരക്കാരെ കാണുന്ന കാര്യം പല തവണ ശിവൻകുട്ടി സഖാവ് ഓർത്തതാണ്. പക്ഷേ,അവിടെ കണ്ടതൊക്കെ നമ്മുടെ 'വിരുദ്ധരെ." എങ്ങനെ ഇറങ്ങും?​

സമരക്കാർ സി.ഐ.ടി.യു നേതാക്കളെയും കൂട്ടി തുടക്കത്തിൽത്തന്നെ വിളിപ്പാടകലെയുള്ള ശിവൻകുട്ടിയെ പോയി കാണേണ്ടതായിരുന്നു. സമരം തുടങ്ങിയാൽ അത് എവിടെ അവസാനിപ്പിക്കണമെന്ന് സഖാവ് ഉപദേശിച്ചേനെ. ചൂൽ കൊണ്ട് എടുക്കാമായിരുന്നത് ഇപ്പോൾ തൂമ്പകൊണ്ടും എടുക്കാൻ മേലാത്ത സ്ഥിതിയായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോടും ശിവൻകുട്ടിക്ക് ഒന്നേ പറയാനുള്ളൂ. കുറെ സിനിമകളിൽ അഭിനയിച്ചതുകൊണ്ടു മാത്രം കാര്യമില്ല. സ്കീം വർക്കർ എന്നാൽ എന്താണെന്ന് ആദ്യം പഠിക്കണം. സമരക്കാർക്ക് മഴക്കോട്ടുകൾ വാങ്ങി നൽകിയതുകൊണ്ട് കാര്യമില്ല. ആശമാർക്ക് അർഹമായ പണം അനുവദിക്കാത്തത് എന്തു കൊണ്ടെന്ന് കേന്ദ്രത്തിലെ സാറന്മാരോട് ചോദിക്കണം. മന്ത്രി ശിവൻകുട്ടിയുടെ ആത്മാർത്ഥതയും തൊഴിലാളി സ്നേഹവും എന്തുകൊണ്ട് ആശമാർ ഇനിയും തിരിച്ചറിയുന്നില്ല?

 

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ.ഡി.) വിശ്വാസ്യത 'കൊടകര കുഴൽപ്പണ കേസി'ലൂടെ വീണ്ടും ജനങ്ങൾക്ക് ബോദ്ധ്യമായി. കൊടകരയിൽ കൊള്ളയടിക്കപ്പെട്ട 3.56 കോടി രൂപ കഴിഞ്ഞ

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി ബംഗളുരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നായിരുന്നു കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. പക്ഷേ, ഇ.ഡി അന്വേഷണം ഏറ്റെടുത്തതോടെ കഥ മാറി. കള്ളപ്പണം പെട്ടെന്ന് വെള്ളപ്പണമായി. ആലപ്പുഴയിലെ ട്രാവൻകൂർ പാലസ് വക സ്ഥലം വാങ്ങാൻ കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജിർ വഴി കൊടുത്തുവിട്ടതാണ് ഈ പണമെന്നാണ് ഇ.ഡിയുടെ കണ്ടുപിടിത്തം.

ആടിനെ പട്ടിയും പേപ്പട്ടിയുമാക്കാനും, ചെന്നായയെ ആട്ടിൻകുട്ടിയാക്കാനുമുള്ള ഇ.ഡിയുടെ സാമർത്ഥ്യം

കേമം തന്നെയെന്ന് പ്രതിപക്ഷം. കേസിൽ പരാതിക്കാരനായ ധ‌ർമരാജൻ പൊലീസിനു നൽകിയ മൊഴിയിൽ ട്രാവൻകൂർ പാലസ് ഇല്ല. ഇ.ഡി കോടതിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ കൊട്ടാരം ആദ്യമായി കടന്നു വരുന്നതു തന്നെ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കള്ളപ്പണ ശൃംഖലയ്ക്ക് കവചമൊരുക്കുകയും, ബിജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണ് ഇ.ഡിയുടെ പണിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഒഴുകിയെത്തിയ ഹവാലപ്പണം കേരള പൊലീസ് കണ്ടെത്തിയെങ്കിലും അതിന്റെ സൂത്രധാരന്മാരെ കണ്ട ഭാവം ഇ.ഡി നടിച്ചില്ലെന്നാണ് ആക്ഷേപം.

നുറുങ്ങ്

...................

#സംസ്ഥാന ഹയർ സെക്കൻഡറി മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറിൽ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര.

@ആശാന് അക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന്!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VARAVISHESHAM EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.