SignIn
Kerala Kaumudi Online
Sunday, 27 July 2025 12.13 PM IST

യുവാക്കളെ വീഴ്‌ത്തുന്നത് അരാഷ്ട്രീയത്തിലെ അപകടക്കുഴികൾ

Increase Font Size Decrease Font Size Print Page
shajar

എം. ഷാജർ

ചെയർമാൻ,​ യുവജന കമ്മിഷൻ

യുവാക്കളുടെ കാഴ്ചപ്പാടുകൾ അരക്ഷിതമാവുകയും അവർ കുറ്റകൃത്യങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റുകയും ചെയ്യുന്ന കാലത്ത്, ഇവർക്കിതെന്തു പറ്രി എന്ന വിഹ്വലതയിലാണ് കേരളം. ബോധവത്കരണത്തിനും സാരോപദേശങ്ങൾക്കും അപ്പുറം എന്തു ചെയ്താലാണ് അവരെ തിരികെ പിടിക്കാനാവുക? യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു

? യുവാക്കളുടെ മാനസികാരോഗ്യം സംബന്ധിച്ച പഠനത്തിന്റെ പശ്ചാത്തലത്തിൽ തുടർ പ്രവർത്തനങ്ങൾ.

യുവജനങ്ങളിൽ മാനസികപ്രശ്നങ്ങളും ആത്മഹത്യയും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മാനസികാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ച് പഠിക്കാൻ യുവജന കമ്മിഷൻ തീരുമാനിച്ചത്. ഇതിലെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തുടർപ്രവർത്തനങ്ങൾ രണ്ടു രീതിയിലാണ് ആവിഷ്‌കരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന്,​ വരുംകാലത്തെ തൊഴിൽ, തൊഴിലിടങ്ങളിലെ അവകാശങ്ങൾ യുവജനങ്ങളുടെ നിത്യജീവിതം എന്നിവയെ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും മാനസികാരോഗ്യം പ്രധാനഘടകമായി പരിഗണിക്കാനുള്ള നയരൂപീകരണ സംവിധാനത്തിൽ കമ്മിഷന്റെ കണ്ടെത്തലുകൾ മാർഗനിർദ്ദേശമാവുക.


രണ്ട്, മാനസികാരോഗ്യത്തെക്കുറിച്ച് നിലനിൽക്കുന്ന അജ്ഞതയ്ക്കെതിരെയും യുവജനങ്ങൾക്കിടയിൽ മാനസികാരോഗ്യം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും ശില്പശാലകൾ, സെമിനാറുകൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുക. അർദ്ധ ജുഡിഷ്യൽ ബോഡിയെന്ന നിലയിലും,​ സാമൂഹിക ജീവിതത്തിൽ ഇടപെടാൻ കെൽപ്പുള്ള ഏജൻസിയെന്ന നിലയിലും കമ്മിഷൻ തുടർനടപടികൾക്ക് നേതൃത്വം നൽകും.


?​ ലഹരിക്ക് അടിമകളാകുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നല്ലോ. എന്താണ് പരിഹാരം.

വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോൾ മനസിലാവുന്നത് ബോധവത്‌കരണങ്ങൾ,​ സെമിനാറുകൾ,​ ശില്പശാലകൾ എന്നിവ കൊണ്ടുമാത്രം പ്രതിരോധം സാദ്ധ്യമാവില്ലെന്നാണ്. ലഹരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ചമാർഗം യുവജനങ്ങളുടെ ഊർജ്ജത്തെ സാമൂഹ്യജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറ്റവും ഗുണകരമായി ഉപയോഗിക്കുക എന്നതാണ്. ഇതിന് കമ്മിഷൻ ആശയങ്ങൾ പങ്കുവയ്ക്കുകയും വേദികളൊരുക്കുകയും ചെയ്യും.

?​ അത്തരം ക്രിയാത്മക മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ.

യുവജനങ്ങൾക്ക് രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വലിയ പങ്കു വഹിക്കാനുണ്ട്. യുവാക്കളുടെ ഊർജ്ജം രാഷ്ട്ര പുനർനിർമാണത്തിനും സാമൂഹ്യമാറ്റത്തിനുമായി വിനിയോഗിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്. കേരളം ആ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നുമുണ്ട്. യുവജനങ്ങൾക്കായി ഓരോ പഞ്ചായത്തിലും കളിക്കളം, സ്റ്റാർട്ടപ്പ്, വ്യത്യസ്ത മേഖലകളിൽ യുവാക്കൾക്കായി വിവിധ പദ്ധതികൾ, തൊഴിൽമേളകൾ എന്നിവ നടപ്പിലാക്കുന്നു. യുവജനങ്ങളെ ലഹരിയിലേക്കും സാമൂഹിക അരാജകത്വത്തിലേക്കും അരാഷ്ട്രീയതയിലേക്കും തള്ളിവിടുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്ത് നടപടി സ്വീകരിക്കാൻ കമ്മിഷനും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കഴിഞ്ഞു.

?​ തൊഴിൽ സമ്മർദ്ദം സംബന്ധിച്ച് പരാതികൾ ലഭിക്കുന്നുണ്ടോ.

തൊഴിലിടങ്ങളിലെ യുവജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, സ്വമേധയായും കമ്മിഷൻ ഇടപെടുന്നുണ്ട്. തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ, ജോലിസമ്മർദ്ദം എന്നിവയെക്കുറിച്ച് 'മെന്റൽ ഹെൽത്ത് ഒഫ് യൂത്ത് അറ്റ് വർക്ക്" എന്ന ശീർഷകത്തിൽ കമ്മിഷൻ നടത്തിയ ശാസ്ത്രീയപഠനം അത്തരമൊരു ഇടപെടലാണ്. തൊഴിലിടത്തിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും യുവജന കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു.

തൊഴിലിടങ്ങളിൽ നിശ്ചിത ഇടവേളകളിൽ സ്ട്രെസ് ഓഡിറ്റ് നടത്തുക,തൊഴിൽ സ്ഥാപനങ്ങളിൽ 'റിക്രിയേഷണൽ കോർണറുകൾ ' സ്ഥാപിക്കുക,​ ഗവൺമെന്റിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ 'വർക്ക് ലൈഫ് ബാലൻസ് പോളിസി" നടപ്പിലാക്കുക, സ്ട്രെസ് മാനേജ്‌മെന്റ് സ്‌കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കുക,​ ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും തൊഴിലാളികൾക്കായി 'വെൽനെസ് അവർ" അനുവദിക്കുക തുടങ്ങിയവയാണത്. ഇത് തൊഴിലിടങ്ങളിൽ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളുമായി കമ്മിഷൻ മുന്നോട്ടു പോവുകയാണ്.

?​ യുവതലമുറയിൽ വിവാഹമോചന കേസുകൾ വർദ്ധിക്കുന്നുണ്ടോ.

തീർച്ചയായും. യുവജനങ്ങളുടെ മാനസികാരോഗ്യവുമായും സാമൂഹിക ജീവിതവുമായും ബന്ധപ്പെട്ടു തന്നെയാണ് വിവാഹമോചനങ്ങളിലെ വർദ്ധനയെയും കാണേണ്ടത്. വിവാഹമോചനം മോശം സംഗതിയാണെന്ന് യുവജന കമ്മിഷനോ പുരോഗമന സംവിധാനങ്ങളോ കരുതുന്നില്ല. കാരണം വർഷങ്ങൾക്കു മുമ്പ് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് വിവാഹമോചനങ്ങളുടെ എണ്ണം പരിമിതമായിരുന്നു. എന്തും സഹിച്ച് സ്വത്വം പണയപ്പെടുത്തി വിവാഹജീവിതം തുടരേണ്ട ആവശ്യം പുതിയ കാലത്തെ സ്ത്രീകൾക്കില്ല.

ജനാധിപത്യപരമായി മെച്ചപ്പെട്ട സാമൂഹികാവസ്ഥയുടെ രൂപമാണ് ഇത്. എന്നാൽ വിവാഹമോചനങ്ങളുടെ വർദ്ധന മെച്ചപ്പെട്ട സാമൂഹിക സംവിധാനത്തിന്റെ മാതൃകയായി കാണുന്നതും ശരിയല്ല. വിവാഹമോചനത്തിന്റെ ഇരകൾ എപ്പോഴും കുഞ്ഞുങ്ങളാണ്. വിവാഹമോചനങ്ങൾ കുട്ടികളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു. വിവാഹത്തിനു മുമ്പ് പങ്കാളികൾക്ക് ഇരുവർക്കും ഉത്തരവാദിത്വങ്ങളെപ്പറ്റിയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും കൗൺസലിംഗ് നൽകേണ്ടതുണ്ട്.

?​ ക്യാമ്പസ് രാഷ്ട്രീയത്തിന് പഴയ പ്രതാപം നഷ്ടമായതാണ് യുവാക്കളെ ലഹരിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളിവിടുന്നതെന്ന നിരീക്ഷണം ശരിയാണോ.

പൂർണ രാഷ്ട്രീയമുണ്ടായിരുന്ന കാലത്താണ് ക്യാമ്പസുകൾ സർഗാത്മകമായിട്ടുള്ളതും സമരഭരിതമായിട്ടുള്ളതും. യുവജനങ്ങളുടെ ഊർജ്ജത്തെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഗുണകരമായ മാറ്റങ്ങളിലേക്ക് വഴിതിരിച്ചുവിടാനും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക രാഷ്ട്രീയ അവബോധവും ലീഡർഷിപ്പ് കഴിവും വർദ്ധിപ്പിക്കാനും ക്യാമ്പസ് രാഷ്ട്രീയം കാരണമായിട്ടുണ്ട്. എന്നാൽ ഇന്ന് കോടതി ഉത്തരവുകൾ മൂലം പല ക്യമ്പസുകളിലും രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്. യുവതലമുറയിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗം പോലും അരാഷ്ട്രീയതയുടെ പ്രത്യാഘാതമായി വേണം കാണാൻ. യുവജനങ്ങൾ എപ്പോൾ രാഷ്ട്രീയപക്ഷത്ത് നിൽക്കുന്നുവോ അപ്പോൾ അവർ അനീതിക്കെതിരെ പൊരുതുകയും സ്വന്തം ഊർജ്ജം ഗുണകരമായ സമൂഹ്യമാറ്റങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യും.


?​ അടുത്ത കാലത്തായി ക്യാമ്പസുകളിൽ നടക്കുന്ന ക്രൂരമായ റാഗിംഗുകൾക്കെതിരെ എന്തു സന്ദേശമാണ് നൽകാനുള്ളത്. റാഗിംഗിന് എതിരെ ഇടപെടൽ...

 റാഗിംഗിനെതിരെ വർഷങ്ങളായി യുവജന കമ്മിഷൻ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. റാഗിംഗ് മനുഷ്യത്വവിരുദ്ധമാണ്. ശാരീരികമായോ മാനസികമായോ തങ്ങളേക്കാൾ ദുർബലരെന്ന് കരുതുന്നവരുടെമേൽ വലിയവർ നടത്തുന്ന അധികാര പ്രദർശനമാണ് റാഗിംഗ്. ഈ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നവർ പറയുന്നത് റാഗിംഗിന് വിധേയരാകുന്നവർ ഏത് ജീവിത സാഹചര്യത്തെയും നേരിടാൻ സജ്ജരാകുമെന്നാണ്. എന്നാൽ റാഗിംഗിന് വിധേയരായ ഒരാൾ പോലും ഇത് അംഗീകരിക്കില്ല. വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും അന്തസിനെയും തുടർപഠനത്തെയും,​ എന്തിന്; സാമൂഹിക ബന്ധങ്ങളെപ്പോലും ബാധിക്കുന്ന അരാഷ്ട്രീയ ആയുധമാണ് റാഗിംഗ്. ഇതു നിരോധിക്കാൻ നിയമം മാത്രം പോരാ എന്ന തിരിച്ചറിവിൽ നിന്നാണ് യുവജന കമ്മിഷൻ ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നത്. യുവജനങ്ങൾക്ക് സൗജന്യ നിയമസഹായത്തിനായി വിളിക്കാവുന്ന ടോൾ ഫ്രീ നമ്പറും (18001235310)​ കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.

TAGS: SHAJAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.