SignIn
Kerala Kaumudi Online
Sunday, 27 July 2025 12.26 PM IST

കറുപ്പിനല്ല, മനസുകൾക്കാണ് പ്രശ്നം

Increase Font Size Decrease Font Size Print Page

sarada-muraleedharan

യോഗനാദം ഏപ്രിൽ 1 ലക്കം എഡിറ്റോറിയൽ

സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അവരുടെ കറുപ്പു നിറത്തി​ന്റെ പേരി​ൽ അവഹേളിക്കപ്പെട്ടതിനെ തുടർന്ന് ഉയർന്ന ചർച്ചകളുടെയും ചിന്തകളുടെയും വികാരപ്രകടനങ്ങളുടെയും അലയൊലികൾ അടങ്ങിയിട്ടില്ല. വർണവെറിയും വംശവെറിയും ലോകത്തിന് പുതിയ കാര്യമല്ല. യൂറോപ്യൻ രാജ്യങ്ങളിൽ കറുത്ത വംശജർ ഇന്നും അവഹേളി​ക്കപ്പെടുന്നുണ്ട്. വർണവി​വേചനത്തി​നെതി​രെ കർക്കശമായ നി​യമങ്ങൾ ഉണ്ടായി​ട്ടും യൂറോപ്യൻ വി​കസി​ത രാജ്യങ്ങൾക്ക് ഈ പ്രശ്നം ഇതുവരെ പരി​ഹരി​ക്കാനായി​ട്ടി​ല്ല. കൊച്ചുകേരളത്തിലെ ലക്ഷക്കണക്കിനാളുകൾ, പ്രത്യേകിച്ച് വനിതകൾ ദിനമെന്നോണം ഇത്തരം അവഹേളനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ ബഹുഭൂരിപക്ഷവും പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. നിറത്തിന്റെ മാത്രമല്ല, ജാതിയുടെ കണ്ണിലൂടെയും അവർ ആക്ഷേപിക്കപ്പെടുന്നുണ്ട്. അപമാനം വേദനയോടെ മനസിൽ ഒതുക്കപ്പെടുകയാണ് പതിവ്.

നൂറു ശതമാനം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്തെ സർക്കാർ സർവീസിലെ ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ശാരദാ മുരളീധരനുണ്ടായ ദുരനുഭവം അവർ തുറന്നുപറഞ്ഞു എന്നതുതന്നെ വലിയ കാര്യം. അധികാരവും ജീവിത ചുറ്റുപാടുകളും അവർക്കതിന് ധൈര്യമേകുന്നു. സാധാരണക്കാരായിരുന്നെങ്കിൽ അത് മനസിലൊതുക്കിയേനെ. റാങ്കുകളോടെ പഠനം പൂർത്തി​യാക്കി​ സി​വി​ൽ സർവീസ് പരീക്ഷ വി​ജയി​ച്ച് സമർത്ഥയായ ഉദ്യോഗസ്ഥയെന്ന്​ പേരെടുത്ത ശാരദാ മുരളീധരനെയും തൊലി​നി​റത്തി​ന്റെ പേരി​ലുണ്ടായ പരി​ഹാസം വി​ഷമി​പ്പി​ച്ചു. ഇതി​നെതി​രെ അവർ ഫേസ് ബുക്കി​ൽ പോസ്റ്റ് ചെയ്ത കുറി​പ്പ് ആദ്യം പി​ൻവലി​ച്ചു. ഭർത്താവി​ന്റെയും മറ്റും പ്രേരണയാലാണ് അവർ അത് വീണ്ടും പോസ്റ്റ് ചെയ്തത്.

അതി​ൽ പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തി​ൽത്തന്നെ മനസുലയ്ക്കുന്നതാണ്. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് ഏഴു മാസം മുമ്പാണ് ശാരദയുടെ ഭർത്താവ് ഡോ. വി. വേണു വിരമിച്ചത്. അദ്ദേഹം വെളുത്തയാളും ശാരദ കറുത്തതുമായിപ്പോയി. സിവിൽ സർവീസ് പരിശീലനകാലത്ത് പ്രണയത്തിലായി വിവാഹിതരായവരാണ് ഇരുവരും. ശാരദയുടെ മനസിനും സ്വഭാവത്തിനുമാണ് താൻ മൂല്യം കൽപ്പിച്ചതെന്ന് വേണുവും വ്യക്തമാക്കിയിട്ടുണ്ട്. ദമ്പതികളുടെ വ്യത്യസ്തമായ നിറങ്ങളെ പരാമർശിച്ചായിരുന്നു,​ തന്നെ കാണാൻ വന്നയാളുടെ പ്രതികരണമെന്ന് ശാരദയുടെ കുറിപ്പിൽ പറയുന്നു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ, ഏഴു മാസമായി​ ഇത്തരം അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് സൂചിപ്പിച്ചെങ്കിലും അവരുടെ മനസ് വേദനി​പ്പി​ച്ച അഭി​പ്രായ പ്രകടനം ആരുടേതെന്ന് വെളി​പ്പെടുത്തി​യി​ട്ടില്ല. അത് ശാരദയുടെ അന്തസ്. എങ്കിലും അതി​നു പി​ന്നി​ൽ ഉന്നതനായ ഉദ്യോഗസ്ഥനാണെന്ന രഹസ്യം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്.

എന്തൊക്കെ പറഞ്ഞ് സാന്ത്വനിപ്പിച്ചാലും കറുത്തവരുടെ ജീവിതത്തിൽ പൊതുവേ ആ നിറം ഒരു പ്രശ്നം തന്നെയാണ്; അതിനെ മനസുകൊണ്ടും സമീപനം കൊണ്ടും അതിജീവിക്കുന്നവർ ചുരുക്കവും! പി​റന്നു വീഴുമ്പോൾ മുതൽ കറുത്തവർ അനുഭവി​ക്കുന്ന വി​ഷമങ്ങൾ പറഞ്ഞാൽ തീരി​ല്ല. സ്വന്തം വീട്ടി​ൽ നി​ന്നുതന്നെ തുടങ്ങുന്നു അറി​ഞ്ഞും അറി​യാതെയുമുള്ള അവഹേളനങ്ങൾ. അപ്പോൾപ്പിന്നെ പുറത്തെ കാര്യം പറയേണ്ടതി​ല്ലല്ലോ. അനപത്യ ദു:ഖത്താൽ ദത്തെടുക്കാൻ തീരുമാനി​ക്കുന്ന ദമ്പതി​കൾ പോലും അനാഥശാലകളി​ൽ വെളുത്ത കുഞ്ഞുങ്ങളെ തേടി​ ചെല്ലുകയാണ് പതിവ്. സാമൂഹ്യ ചുറ്റുപാടുകളാണ് ഇത്തരമൊരു സാഹചര്യം വളർത്തി​യെടുത്തത്. ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന സി​നി​മയും സീരി​യലുകളും പ്രസി​ദ്ധീകരണങ്ങളുമെല്ലാം വെളുപ്പി​നെ സൗന്ദര്യത്തി​ന്റെ അളവുകോലുകളിലൊന്നായി കണക്കാക്കുന്നു. സിനിമയിൽ കറുത്ത നായികമാർ അത്യപൂർവമായത് വെറുതേയല്ല. പരസ്യങ്ങളും കോസ്മെറ്റി​ക് വ്യവസായവും കച്ചവടതാത്പര്യങ്ങൾക്കായി കറുപ്പി​നെ ശാപം പോലെയാണ് ചി​ത്രീകരി​ക്കുന്നത്. ഇത്തരം കെണി​കളി​ൽ വീഴാതി​രി​ക്കുകയാണ് കറുത്തവരും വി​ശേഷബുദ്ധി​യുള്ളവരും ചെയ്യേണ്ടത്.

വെളുത്ത തൊലി​യെ മഹത്വവത്കരി​ക്കുന്ന ലോകത്തെ അവജ്ഞയോടെ അവഗണി​ക്കാൻ സാധി​ക്കണം.

നിറത്തിന്റെ പേരി​ൽ ദു:ഖി​ക്കുന്നവർ ജീവി​താന്ത്യം വരെ ദു:ഖി​ക്കേണ്ടി​വരും. കറുപ്പ് കരുത്താണെന്ന് സ്വയം തീരുമാനി​ച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ബാബാ സാഹി​ബ് അംബേദ്കർ, എ.പി​.ജെ. അബ്ദുൾ കലാം, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, മഹാത്മാ അയ്യങ്കാളി​, രാഷ്ട്രപതി​ ദ്രൗപദി​ മുർമു തുടങ്ങി​ കലാഭവൻ മണി​യും അനുജൻ കലാമണ്ഡലം രാമകൃഷ്ണനും ശ്രീനിവാസനും തിലകനും വി​നായകനും മാമുക്കോയയും ഐ.എം. വിജയനും, പി.ടി. ഉഷയും കറുപ്പി​ന്റെ പേരി​ലെ പരി​ഹാസങ്ങൾക്ക് കീഴടങ്ങി​യി​രുന്നെങ്കി​ൽ അവരൊന്നും എവി​ടെയും എത്തുമായി​രുന്നി​ല്ല.

കലാഭവൻ മണി​ക്കൊപ്പം അഭി​നയി​ക്കാൻ ഒരു വെളുത്ത നടി​ വിസമ്മതിച്ച കാര്യം അടുത്തിടെയാണ് വെളിച്ചത്തുവന്നത്. രാമകൃഷ്ണന്റെ നൃത്തത്തെ കലാമണ്ഡലം സത്യഭാമ പരോക്ഷമായി​ പരി​ഹസി​ച്ചത് ഇന്നും നമ്മുടെ ഓർമ്മയി​ലുണ്ട്. മൈക്കി​ൾ ജാക്സണും കായിക താരങ്ങളായ മുഹമ്മദലിയും പെലേയും എംബാപ്പേയും വിവിയൻ റിച്ചാർഡ്സും ലോകത്തെ ത്രസിപ്പിച്ച കറുത്തവരാണ്. കഴിവിൽ അഭിരമിച്ചാണ് അവർ വെന്നിക്കൊടി പാറിച്ചത്. അമേരിക്കൻ പ്രസിഡന്റായി എട്ടു വർഷം വിരാജിച്ച ബറാക്ക് ഒബാമ അപകർഷതാബോധം കൊണ്ടുനടന്നിരുന്നെങ്കിൽ ലോകത്തെ ഏറ്റവും പ്രബലമായ രാജ്യത്തിന്റെ പ്രസിഡന്റാകുമായിരുന്നില്ല.

വെളുത്തവർക്ക് പ്രത്യേക മഹത്വമൊന്നുമി​ല്ല. കറുപ്പായതുകൊണ്ട് കുറവുമി​ല്ല. സനാതന ധർമ്മത്തിൽ ദൈവങ്ങളും മഹാഋഷിമാരും വ്യാസനും വാത്മീകിയും കറുത്തവരാണ്. ലോകമെങ്ങും വെള്ളക്കാരുൾപ്പെടെ ജനകോടികൾ ആരാധിക്കുന്ന ശ്രീകൃഷ്ണൻ കാർവർണനാണ്. കൃഷ്ണന്റെ കറുപ്പിനെ വാഴ്ത്തുന്ന നൂറുകണക്കിനു ഭാഷകളിലെ ഭജനുകളുണ്ട്. ഹിന്ദു ദൈവങ്ങൾ ചിത്രങ്ങളിൽ വെളുത്തിരിക്കുന്നത് ഒന്നോ രണ്ടോ നൂറ്റാണ്ടിനിടെ രൂപംകൊണ്ട,​ ചിത്രകാരന്മാരുടെ ഭാവനയിൽ നിന്നാണ്. കറുപ്പിനെ അസ്പൃശ്യമായി കാണുന്നവരുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമാണ്. സംസ്കാരമില്ലായ്മയാണ്.

ദേഹം വെളുപ്പും മനസു കറുത്തും ഇരുന്നതുകൊണ്ട് എന്തു പ്രയോജനം?​ അത്തരക്കാരോടു സംസാരി​ച്ചി​ട്ട് ഒരു കാര്യവുമി​ല്ല. കഴി​ഞ്ഞ ദി​വസം ശാരദാ മുരളീധരൻ പറഞ്ഞതുപോലെ സ്വന്തം കറുപ്പു നി​റത്തെ അഹങ്കാരമായി​ കാണുന്ന നി​ലയി​ലേക്ക് മനസിനെ പാകപ്പെടുത്തുക. നിറത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് തെളിയിക്കുക. സ്വന്തം കഴിവുകൾകൊണ്ടും,​ നല്ല ചിന്തകളും സന്തോഷവും വളർത്തിയെടുത്തും കറുത്ത മനസുകാരെ നിഷ്പ്രഭരാക്കുക. അവർക്കു മുന്നിൽ ജയിക്കുക. തൊലി കറുത്തിരുന്നാലെന്ത്,​ മനസ് തങ്കമാകട്ടെ.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.