കറുപ്പ് നിറത്തെക്കുറിച്ചുള്ള പരാമർശം ആത്മാഭിമാനത്തിന് ക്ഷതമുണ്ടാക്കിയതായുള്ള ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പരാമർശം കേട്ടപ്പോൾ ചിലത് പറയണമെന്ന് തോന്നുന്നു. സ്വാഭിമാനത്തോടെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഭൂരിപക്ഷം പൗരന്മാർക്കുമില്ല എന്ന യാഥാർഥ്യം ഇവരൊക്കെ ഇനിയെങ്കിലും തിരിച്ചറിയണം. പാടത്തും പണിശാലകളിലും വെയിലത്തും മഴയത്തും കായികാദ്ധ്വാനം ചെയ്യുന്ന മനുഷ്യന് കറുപ്പ് നിറം ഉണ്ടാകും. അത്തരം മനുഷ്യരെ അധ:സ്ഥിതരാക്കി മാറ്റിയ ചാതുർവർണ്യ വ്യവസ്ഥയെ താലോലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭരണാധികാരികളാണ് നമ്മുടെ നാട്ടിലുള്ളത്.
'പന്നപ്പുലയനെ കണ്ടാൽ വെള്ളം കുടിക്കാൻ കഴിയില്ല" എന്നൊരു നിയമസഭാംഗത്തെ ആക്ഷേപിച്ച നാടാണിത്. പ്രശസ്തനായ ഒരു കലാകാരനെ ആക്ഷേപിച്ചത് ഇങ്ങനെയാണ്: 'ചാലക്കുടി ഭാഗത്താണ് വീട്. കണ്ടാൽ കാക്കയുടെ നിറം. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല!" ഡോ. ആർ.എൽ.വി രാമകൃഷ്ണനെക്കുറിച്ച് കലാമണ്ഡലം സത്യഭാമ എന്ന നൃത്താദ്ധ്യാപിക സമൂഹ മാദ്ധ്യമത്തിൽ ഇങ്ങനെ പറഞ്ഞതായാണ് അറിവ്. അന്നൊന്നും കാര്യമായ പ്രതിഷേധവും പ്രതികരണങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും നേതാക്കളുടെ ഭാഗത്തുനിന്നും കണ്ടുതുമില്ല,കേട്ടതുമില്ല!
ജാതി വിദ്വേഷവും അയിത്തവും നവോത്ഥാന കേരളത്തിലാണ് നടക്കുന്നത്. അമ്പലത്തിൽ പൂമാല കെട്ടാൻ ഈഴവനെ കണ്ടപ്പോൾ അമ്പലമടയ്ക്കാൻ തുനിഞ്ഞ തന്ത്രിമാർ ഭരിക്കുന്ന നാടാണിത്. അയിത്താചരണം കുറ്റകരമായ ഈ നാട്ടിൽ അതിനെതിരെ നടപടിയെടുക്കുമെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്തവരാണ് ഇപ്പോൾ ആത്മരോഷം നടത്തുന്നത്. എന്തിനേറെ പറയുന്നു; കേരളത്തിന്റെ ദേവസ്വം മന്ത്രിയുടെ കയ്യിൽ കൈവിളക്കു നൽകാതെ നിലത്തുവച്ച പൂജാരിമാരെ പൂജിക്കുന്ന (ഭയപ്പെടുന്ന) ഭരണാധികാരികളാണ് നമുക്കുള്ളത്.
ഇത്തരം കുറ്റങ്ങൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കേണ്ട ഭരണാധികാരികളുടെ മൗനമാണ് ചീഫ് സെക്രട്ടറിക്കു നേരെയും വർണവെറി ഉയർത്താനിടയാക്കിയത്. മന്ത്രിക്കെതിരെ അയിത്താചരണം ഉണ്ടായപ്പോൾ പട്ടികജാതിക്കാർക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരം കുറ്റക്കാരെ അറസ്റ്റു ചെയ്ത് അകത്തിടേണ്ട ഉദ്യോഗസ്ഥരെ നയിക്കുന്ന ആളാണ് ചീഫ് സെക്രട്ടറി. ഇപ്പോൾ തനിക്കുനേരെ ആക്ഷേപം ചൊരിഞ്ഞപ്പോഴെങ്കിലും ഇതിനു മുമ്പുണ്ടായ കുറ്റങ്ങൾക്കെതിരെ നടപടി എടുക്കാതെ പോയതാണ് കാരണമെന്ന് തിരിച്ചറിയണം.
ബ്രാഹ്മണ്യത്തിന് കുടപിടിക്കുന്ന നിലപാടുകൾ ശക്തമാകുന്ന ഈ നാട് ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും കേന്ദ്രമായി മാറുകയാണെന്ന സത്യം ഇനിയെങ്കിലും തുറന്നു സമ്മതിക്കണം. കൂടത്തായിയിലെ കൂട്ടക്കൊല ഓർക്കണം. സത്യം പുറത്തു പറഞ്ഞാൽ മാനഹാനിയുണ്ടാകുമെന്നു കരുതി പുറത്തു പറയാതിരുന്നതാണ് കൊല്ലപ്പെട്ടവരുടെ എണ്ണം കൂടാൻ കാരണമായതെന്ന് അന്നു കേട്ടിരുന്നു. എന്തായാലും കേരളത്തിൽ സർക്കാർതലത്തിൽ ഒരു നവോത്ഥാന സമിതിയുണ്ടായ ശേഷമാണ് ഇത്തരം അയിത്താചരണങ്ങളും അനാചാരങ്ങളും വർണവെറികളും വർദ്ധിച്ചുവരുന്നത്. ഭരണഘടന പോലും 'കുന്തവും കുടച്ചക്രവും" ആയ നാട്ടിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |